Skip to main content

ഞാറക്കൽ ഈസ്റ്റ് മഞ്ഞനക്കാട് കോളനി പുനരുദ്ധാരണം: ഗുണഭോക്താക്കളുടെ യോഗം ചേർന്നു  

 

പ്രളയക്കെടുതിയിൽ നാശനഷ്ടമുണ്ടായ പട്ടികജാതി കോളനികളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഞാറക്കൽ ഈസ്റ്റ് മഞ്ഞനക്കാട് കോളനിയിൽ കെ.എൻ ഉണ്ണിക്കൃഷ്ണന്റെ അധ്യക്ഷതയിൽ പ്രദേശവാസികളുടെ യോഗം ചേർന്നു. ഗുണഭോക്താക്കളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ആരാഞ്ഞു.

അരക്കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിൽ വീട്, ടോയ്‌ലെറ്റ് എന്നിവയുടെ അറ്റകുറ്റപ്പണി, ഇലക്ട്രിക് അറ്റകുറ്റപ്പണികൾ, തീര അതിരുകളുടെ സംരക്ഷണം, റോഡ് ടൈലിടല്‍ മുതലായവ ഉൾപ്പെടുത്തണമെന്നു നിർദ്ദേശമുയർന്നു.  വൈകാതെ മോണിറ്ററിംഗ് സമിതി ചേർന്ന് ആവശ്യങ്ങളുടെ സാധുത പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. തുടർന്ന് നടപ്പാക്കുന്ന ജോലികളുടെ എസ്റ്റിമേറ്റ് കെൽ തയ്യാറാക്കുമെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്നും എംഎൽഎ പറഞ്ഞു. യോഗത്തിൽ വൈപ്പിന്‍ ബ്ലോക്ക് മെമ്പര്‍ ഷില്‍ഡ റിബേര,  ബ്ലോക്ക് എസ്.സി ഓഫീസർ ജയപ്രകാശ്, കെല്‍ സീനിയര്‍ പ്രോജക്‌ട് എഞ്ചിനീയർ പി.എ സുധീരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിനു മുന്നോടിയായി കോളനി സന്ദർശിച്ച കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പ്രദേശവാസികൾക്കൊപ്പം കേക്ക് മുറിച്ച് പുതുവത്സര  സന്തോഷം പങ്കിട്ടു.

date