Skip to main content
പള്ളിപ്പുറം കൃഷി ഭവൻ്റെ നേതൃത്വത്തിൽ വിവിധ കർഷകരുടെ പുരയിടങ്ങളിൽ നടത്തുന്ന ഫാം സ്കൂൾ

ഫാം സ്കൂൾ പദ്ധതിയുമായി പള്ളിപ്പുറം കൃഷി ഭവൻ

 

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ പുതിയ കൃഷി നയമായ കൃഷിയിട അധിഷ്ഠിത വിള ആസൂത്രണത്തോടനുബന്ധിച്ച് ഫാം സ്കൂൾ പദ്ധതി ആരംഭിച്ച് പള്ളിപ്പുറം കൃഷി ഭവൻ. കൃഷി ഭവൻ പരിധിയിലെ കർഷകരുടെ പുരയിടം സന്ദർശിച്ച് അവിടെ വരുത്തേണ്ട മാറ്റങ്ങളേയും അനുയോജ്യമായ കൃഷി രീതികളേയും പറ്റി കർഷകർക്ക് ക്ലാസ് എടുത്തു കൊടുക്കുന്ന പദ്ധതിയാണ് ഫാം സ്കൂൾ.

ഓരോ കൃഷി ഭവനു കീഴിലും തെരഞ്ഞെടുത്ത 10 കർഷകർക്കാണ് ആദ്യം ക്ലാസ് നൽകുന്നത്. കൂടുതൽ അപേക്ഷകൾ ലഭിച്ചതിനാൽ രണ്ടാം ഘട്ടത്തിൽ പരമാവധി കർഷകർക്ക് അവസരം ലഭിക്കും. ഞാറക്കൽ കൃഷി ബ്ലോക്കിലെ ആദ്യത്തെ ഫാം സ്കൂളാണ് പള്ളിപ്പുറം കൃഷി ഭവനിൽ ആരംഭിച്ചത്.

ഇതുവരെ രണ്ടു ക്ലാസ്സുകൾ നടന്നു. ആദ്യത്തെ ക്ലാസിൽ ജീവാണു വളങ്ങൾ, ജൈവ കീടാശിനികൾ ഫലപ്രദമായി ഉണ്ടാക്കുന്ന വിധം എന്നിവയും രണ്ടാമത്തെ ക്ലാസിൽ പുരയിടത്തിൽ തന്നെ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന കമ്പോസ്റ്റ് വളങ്ങൾ, മണ്ണിര കമ്പോസ്റ്റ്, മഴ മറ കൃഷി, അക്വാ പോണിക്സ് കൃഷി രീതി എന്നിവയുമായിരുന്നു വിഷയങ്ങൾ.

കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുരയിടം സന്ദർശിച്ച് ക്ലാസ് നടത്തുന്നത്. ഒരു സാമ്പത്തികവർഷം 7 ക്ലാസുകളാണ് പദ്ധതി പ്രകാരം കർഷകർക്ക് ലഭിക്കുക.

date