Skip to main content

ജില്ലാ പഞ്ചായത്ത് സംയുക്ത പദ്ധതികൾ:  അവലോകന യോഗം ചേർന്നു

 

ചേറ്റുവ പുഴയിൽ നിന്ന് ചെളി നീക്കൽ, ചേറ്റുവ കോട്ട വിനോദസഞ്ചാരം എന്നീ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ  ചർച്ച ചെയ്യുന്നതിനായി എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു. ചേറ്റുവ പുഴയുടെ പ്രദേശത്ത് ഉപ്പുവെള്ളം കയറി  കുടിവെള്ളക്ഷാമവും വ്യാപക കൃഷിനാശവും നേരിടുകയാണെന്ന് എൻ കെ അക്ബർ എംഎൽഎ യോഗത്തിൽ ചൂണ്ടികാട്ടി. പ്രദേശത്ത് കെറി പഠനം നടത്തി മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് ആവശ്യമായ തുക കണക്കാക്കിയിട്ടുണ്ടെന്നും പരമ്പരാഗത തൊഴിലാളികളെ വെച്ച് മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൂടാതെ പരമ്പരാഗത തൊഴിലാളികളെ ഉപയോഗിക്കുന്നതിനും മണ്ണും ചെളിയും ലേലം ചെയ്യുന്നതിനും സർക്കാരിൽ നിന്നും അനുവാദം ലഭ്യമാക്കണമെന്നും കലക്ടർ അറിയിച്ചു. 

അഡീഷണൽ ഇറിഗേഷന്റെ ടെക്നിക്കൽ സപോർട്ട്, എൻഒസി എന്നിവ ലഭ്യമാക്കാനും എസ്റ്റിമേറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അഡീഷ്ണൽ ഇറിഗേഷന്റെ സാങ്കേതിക ഉപദേശവും നൽകണമെന്നും കലക്ടർ നിർദ്ദേശം നൽകി. പദ്ധതിക്ക് ചെലവാകുന്ന അധികതുക അടുത്ത റിവിഷനിൽ മാറ്റി വയ്ക്കാൻ അതാത് പഞ്ചായത്തുകൾ തയ്യാറാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ അറിയിച്ചു. പദ്ധതിയിൽ കൃഷി നാശം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഭേദഗതി വരുത്താനും പ്രസ്തുത പദ്ധതി തുക ഇറിഗേഷൻ വകുപ്പിന് നിക്ഷേപിക്കാൻ സാധ്യമല്ലാത്തതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനിയറെ ഇംപ്ലിമെന്റിങ്ങ്  ഓഫീസറാക്കി മാറ്റുന്നതിന് അടിയന്തിര നടപടികൾ എടുത്ത് റിവിഷൻ റിക്വസ്റ്റിനുള്ള അപേക്ഷ ഒരാഴ്ചയ്ക്കുള്ളിൽ  നൽകാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും ജില്ലാ പ്ലാനിങ് ഓഫീസർ  നിർദേശം നൽകി.

ചേറ്റുവ കോട്ട വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ  വിശദമായ ഡി പി ആർ ആർക്കിയോളജി വകുപ്പിന് നൽകി എൻഒസി ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയും സ്ഥല സന്ദർശനം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുകയും വേണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.  

ജില്ലാ പഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തുന്ന സംയുക്ത പദ്ധതികളാണ് ചേറ്റുവ കോട്ട വിനോദസഞ്ചാര വികസനം (45 ലക്ഷം), ചേറ്റുവ കോട്ട വിനോദസഞ്ചാരത്തിന് സ്ഥലം വാങ്ങൽ (65 ലക്ഷം), ചേറ്റുവ പുഴ ചെളി നീക്കി ആഴം കൂട്ടൽ (ഒരു കോടി) എന്നിവ.

എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, കലക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി എം അഹമ്മദ്, ജില്ലാ പ്ലാനിങ്ങ് ഓഫീസർ എൻ കെ ശ്രീലത, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി ഐ സുബൈർ കുട്ടി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date