Skip to main content

ക്ഷീര കർഷകരാകാൻ കുട്ടികളും : പാഞ്ഞാൾ സ്കൂളിൽ സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബ്

 

ക്ഷീരമേഖലയുടെ സമഗ്ര വികസനത്തിൽ ഇനി കുട്ടികളും പങ്കാളികളാകും. ക്ഷീര വികസന മേഖലയെ കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെ ക്ഷീര വികസന വകുപ്പ് ആവിഷ്കരിച്ച സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബിലൂടെയാണ് കുട്ടികളും കർഷകരാകുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലയിൽ നിന്ന് പാഞ്ഞാൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിനെ തെരഞ്ഞെടുത്തു. വിദ്യാർത്ഥികൾ ഉൾപ്പെട്ട പുതുതലമുറയ്ക്ക് ക്ഷീര മേഖലയെ പരിചയപ്പെടുത്തുന്നതിനും താൽപര്യം വളർത്തുന്നതിനുമായാണ് സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. 

8, 9 ക്ലാസുകളിൽ നിന്നായി 29 പേരടങ്ങുന്നതാണ് ക്ലബ്ബ്. ഇവർക്ക് പശു പരിപാലനം, പാൽ ഉൽപന്ന നിർമ്മാണം എന്നീ വിഷയങ്ങളിൽ അവബോധം സൃഷടിക്കാൻ ഉതകുന്ന ക്ലാസുകൾ നൽകുകയും ക്ഷീര മേഖലയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കാൻ അവസരം ഒരുക്കുകയും ചെയ്യും. ക്ലബ്ബിന്റെ ആദ്യ പടിയായി വിദ്യാർത്ഥികൾക്ക് വിവിധ പാലുൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം നൽകിയിരുന്നു.  

സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബ് പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 9 രാവിലെ 11 മണിക്ക് പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വികസന മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. പാഞ്ഞാൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അധ്യക്ഷത വഹിക്കും. ഡയറി ക്ലബ്ബിനായി നൽകുന്ന കിടാരിയുടെ വിതരണവും ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച പാൽ ഉൽപ്പന്നങ്ങളുടെ ആദ്യ വിൽപ്പനയും നടക്കും. കിടാരിയുടെ പരിപാലനം ഉൾപ്പെടെ ക്ലബ്ബിന്റെ ചുമതലയാണ്. പാൽ ഉൽപ്പാദനത്തിലൂടെ വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുകയാണ് ലക്ഷ്യം. ചടങ്ങിൽ ക്ഷീരമേഖലയും വിദ്യാർത്ഥികളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ  ക്ഷീര വികസന ഓഫീസർ പി എ അനൂപ് അവതരിപ്പിക്കും. പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വി തങ്കമ്മ മുഖ്യാതിഥിയാകും.

date