Skip to main content

ചാലക്കുടിയിൽ നൂതന പദ്ധതികൾക്ക് തുടക്കം 

 

  ചാലക്കുടി നഗരസഭയിൽ  നൂതന പദ്ധതികൾക്ക് തുടക്കമായി. നഗരസഭ ഹാളിൽ നടന്ന പരിപാടിയിൽ  പദ്ധതികളുടെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു.
കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന പഠനവൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ശാസ്ത്രീയമായ രീതിയിൽ പരിഹാരം കണ്ടെത്തുന്നതിനുള്ള പദ്ധതികളും പ്രായമായവരിൽ കണ്ടുവരുന്ന ഡിമൻഷ്യ പോലുള്ള രോഗങ്ങൾക്കുള്ള ചികിൽസ, കൗൺസലിങ്ങ് ഉൾപ്പെടെയുള്ള പദ്ധതികൾക്കും  തുടക്കം കുറിച്ചു. കുട്ടികളിലെ പഠനവൈകല്യം ഏറ്റവും നേരത്തെ കണ്ടുപിടിച്ച് പരിഹരിക്കുന്ന പദ്ധതി നിപ്മറുമായി സഹകരിച്ച് നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രബാബു പദ്ധതി സംബന്ധിച്ച് വിശദീകരണം നടത്തി. തുടർന്ന് ഡിമൻഷ്യ സൗഹൃദ നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കുസാറ്റിന്റെ പ്രതിനിധി  ജോസ് പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു.

കൗൺസിൽ ഹാളിൽ സ്ഥാപിച്ച എൽ.ഇ.ഡി ഇന്ററാക്ടീവ് പാനലിന്റെ ഉദ്ഘാടനവും  ഇതോടൊപ്പം നടന്നു. വിവിധ പദ്ധതികളുടെ അതരണവും വാർഡുകളിലെ വിവിധ വിഷയങ്ങളുടെ അതരണവും പ്രസ്തുത എൽ.ഇ.ഡി. ഇന്ററാക്ടീവ് പാനലിലൂടെ കൗൺസിലർമാർക്ക് കാണാനും ഇടപെടുന്നതിനുള്ള അവസരവും ഇതോടെ  ലഭിക്കും.

നഗരസഭ കലാഭവൻ മണി പാർക്കിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ അവതരണവും നടന്നു. പാർക്കിന്റെ നവീകരണവുമായി ബന്ധപ്പെട്ട ബൃഹത് പദ്ധതിയുടെ പ്രസന്റേഷൻ ഐ.ഇ.എസ് എൻജിനീയറിങ്ങ് കോളേജ്  വൈസ് പ്രിൻസിപ്പൽ പ്രൊഫസർ വിനീത അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.  വൈസ് ചെയർപെഴ്സൺ ആലീസ് ഷിബു, നഗരസഭ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഡോ.സണ്ണി ജോർജ്  നഗരസഭ മുൻ ചെയർമാൻ വി ഒ പൈലപ്പൻ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സൂസി സുനിൽ, മുൻ വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ബിജു എസ് ചിറയത്ത്, മുൻ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ വി പോൾ, നഗരസഭ സെക്രട്ടറി എം എസ് ആകാശ് തുടങ്ങിയവർ പങ്കെടുത്തു.

 

date