Skip to main content
നവീകരണം പൂർത്തീകരിച്ച മാള പഞ്ചായത്തിലെ സ്ഫടികം ചിറ

സ്ഫടികം ചിറ തെളിഞ്ഞു

 

ഉപയോഗശൂന്യമായിക്കിടന്ന സ്ഫടികം ചിറ തെളിഞ്ഞു. ജലസംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്തിൻറെ വിഹിതമായി 25 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിൻറെ 10 ലക്ഷം രൂപയുമാണ് ചിറ സംരക്ഷണത്തിനായി വകയിരുത്തിയത്. 

മാള പഞ്ചായത്തിലെ മൂന്നാം വാർഡ് അണ്ണല്ലൂർ ശിവക്ഷേത്രത്തിൻറെ സമീപത്തായാണ് വർഷങ്ങൾ പഴക്കമുള്ള സ്ഫടികം ചിറ. ഒന്നേക്കാൽ ഏക്കർ വരുന്ന ചിറയിലെ പുല്ലും ചണ്ടിയും ചെളിയും നീക്കം ചെയ്ത്  വശങ്ങൾ കെട്ടിയാണ് സംരക്ഷിച്ചത്. നവീകരണത്തിലൂടെ പ്രദേശത്തെ പ്രധാന ശുദ്ധജല സ്രോതസ്സാക്കി സ്ഫടികം ചിറയെ മാറ്റുകയാണ് ലക്ഷ്യം. ചിറയിൽ വെള്ളം സമൃദ്ധമാകുമ്പോള്‍ പരിസരപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. മാള, ആളൂർ പഞ്ചായത്തുകളിലെ കർഷകർക്കും പ്രയോജനം ലഭിക്കും.

അടുത്ത വേനൽക്കാലത്തും ചിറയിലെ ചെളിയും ചണ്ടിയും നീക്കം ചെയ്ത് വൃത്തിയാക്കുന്നതിനു വേണ്ട സഹായം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. ചിറയിലെ വെള്ളത്തിൻറെ ലഭ്യത അനുസരിച്ച് പ്രദേശവാസികൾക്കും കർഷകർക്കും ഉപയോഗപ്രദമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൺ പറഞ്ഞു.

date