Skip to main content

ചാവക്കാട്  നഗരസഭയ്ക്ക് ടൗൺ ഹാൾ വരുന്നു

 

സർക്കാർ -സർക്കാറിതര പൊതുജന സേവനം ലക്ഷ്യമിട്ട് ചാവക്കാട്  നഗരസഭയുടെ നേതൃത്വത്തിൽ ടൗൺഹാൾ ഒരുങ്ങുന്നു. നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ചാവക്കാട് പുതിയപ്പാലത്തിന് സമീപത്തായി സിവിൽ സ്റ്റേഷന് എതിർവശത്തായുള്ള നഗരസഭയുടെ ഉടമസ്ഥതയിലുള്ളതും നിലവിൽ കളിസ്ഥലമായി ഉപയോഗിച്ച് വരുന്നതുമായ സ്ഥലത്താണ് നഗരസഭ ടൗൺ ഹാൾ നിർമ്മിക്കുക. നഗരസഭയ്ക്ക്  2.91 ഏക്കർ ഭൂമിയാണ് അവിടെ സ്വന്തമായുള്ളത്. നിലവിലെ കളിസ്ഥലം ടൗൺഹാളിനായി മാറ്റുന്നതിന് പകരമായി നഗരസഭ ട്രഞ്ചിങ്  ഗ്രൗണ്ടിന് സമീപത്തുള്ള 3.41 ഏക്കർ ഭൂമി, സ്റ്റേഡിയം നിർമ്മാണത്തിനായി ഉപയോഗിക്കുന്നതിനും തീരുമാനിച്ചു. 

അമൃത് പദ്ധതിയുടെ ഭാഗമായി പുളിച്ചിറക്കെട്ട് കുളം നവീകരണ പ്രവർത്തിക്കായി ഡിപിആർ തയ്യാറാക്കുന്നതിന് തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ആർകിടെക്ട്  വിഭാഗത്തെ ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് അമൃത് 2.0 പ്രകാരം നഗരസഭക്ക് ലഭിക്കുക.

അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെ 2023-24 സാമ്പത്തിക വർഷത്തെ ആക്ഷൻ പ്ലാൻ, ലേബർ ബഡ്ജറ്റ് എന്നിവ കൌൺസിൽ അംഗീകരിച്ചു. പദ്ധതിക്കായി 7,65,50,000/- രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആകെ 911 പദ്ധതികളിലായി 1,47,685 തൊഴിൽദിനങ്ങളാണ് നഗരസഭ ലക്ഷ്യമിടുന്നത്.

ചാവക്കാട് നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് അറ്റകുറ്റപ്പണിക്കായുള്ള 20,48,500/- രൂപയുടെ ടെൻഡറും കൗൺസിൽ അംഗീകരിച്ചു. കൂടാതെ ചാവക്കാട് നഗരസഭ വാർഡ് 4 ൽ പുനരർപ്പണം റോഡിനെ പുന്നയൂർ പഞ്ചായത്ത് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് നിയമാനുസൃതം ഏറ്റെടുത്ത് ആസ്തി രജിസ്റ്ററിൽ ചേർക്കുന്നതിനും തീരുമാനിച്ചു.

date