Skip to main content
രണ്ട് ദിവസമായി നടന്ന തൃശൂർ ദിന്നശേഷി വിദ്യാർത്ഥികളുടെ ഉൽപ്പന്ന വിപണന മേള  'കൂടെ'

പാട്ടുംപാടി അച്ചാറുണ്ടാക്കി ജെറിൻ; ചിരട്ടയിൽ പൂവിരിയിച്ച് സുരിൽ 

 

സസ്നേഹം പദ്ധതിയുടെ ഭാഗമായ 'കൂടെ' പ്രദർശനം സമാപിച്ചു

എരിവും പുളിയും സമാസമം ചാലിച്ച വിവിധതരം അച്ചാറുകളുമായാണ് അത്താണി പോപ്പ് പോൾ മേഴ്സി ഹോമിലെ വിദ്യാർഥി ജെറിൻ ഇല്ലിക്കൽ 'കൂടെ' മേളയിൽ എത്തിയത്. പാചകം മാത്രമല്ല പേപ്പർബാഗും കരകൗശല വസ്തുക്കളും ജെറിന്റെ കൈകളിൽ ഭദ്രം. ജില്ലാ കളക്ടർ മേള സന്ദർശിക്കാനെത്തിയപ്പോൾ പാട്ടുപാടിയും മിമിക്രി അവതരിപ്പിച്ചും കൈയ്യടി നേടി ജെറിൻ. ജില്ലാ ഭരണകൂടം സസ്നേഹം തൃശൂർ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രദർശന - വിപണന മേള ജെറിനെപോലെ അനേകരുടെ കഴിവുകളുടെ മാറ്റുരയ്ക്കലായി. മേള ശനിയാഴ്ച സമാപിച്ചു. 

 
ജില്ലയിലെ 18 സ്പെഷ്യൽ സ്‌കൂളുകളിലെയും ബഡ്‌സ് സ്‌കൂളുകളിലെയും വിദ്യാർഥികൾ തയ്യാറാക്കിയ ഉത്പന്നങ്ങളാണ് രണ്ടു ദിവസങ്ങളിലായി നടന്ന മേളയിൽ പ്രദർശിപ്പിച്ചത്. പലഹാരങ്ങൾ, അച്ചാറുകൾ, പേപ്പർ ബാഗ്, ചവിട്ടികൾ, തുണിസഞ്ചികൾ, കരകൗശല വസ്തുക്കൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ മേളയിലുണ്ടായി. സ്വാന്തനം ബഡ്‌സ്‌ സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ നെറ്റിപ്പട്ടം, സ്നേഹദീപ്തി സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ ബോട്ടിൽ ആർട്ട് എന്നിവ മേളയുടെ ആകർഷണമായി. വിവിധ തൊഴിലുകളിൽ പരിശീലനം നൽകുന്ന സ്ഥാപനമായ കാര്യാട്ടുകര എ എം എച്ച് എയിലുള്ള വിദ്യാർത്ഥികൾ ആയ സുരിൽ, ഗിരീഷ് എന്നിവർ ചിരട്ടയിൽ നിർമിച്ച ചായ ഗ്ലാസും പൂച്ചെടികളുമായാണ് വന്നത്. 

സ്പർശം ബിആർസി, മണ്ണുത്തി സ്നേഹദീപ്‌തി സ്പെഷ്യൽ സ്കൂൾ, കൈപ്പമംഗലം കരുണ ഭവൻ സ്പെഷ്യൽ സ്കൂൾ, വെങ്ങിണിശ്ശേരി പാറളം സാന്ത്വനം ബഡ്‌സ് സ്കൂൾ, തളിക്കുളം സ്നേഹസാന്ത്വനം ബഡ്‌സ് സ്കൂൾ, ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ, കാര്യാട്ടുകര എ എം എച്ച് എ, പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്‌സി ഹോം എന്നിവിടങ്ങളിലെ കുട്ടികളുടെ ഉത്പന്നങ്ങളാണ് രണ്ടാം ദിനം മേളയിലുണ്ടായത്. 

സബ് കലക്ടർ മുഹമ്മദ് ഷഫീഖാണ്‌ പരിപാടിയുടെ നോഡൽ ഓഫിസർ. രണ്ടു ദിവസമായി നടന്ന മേളയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. 80,000 രൂപയുടെ വിറ്റുവരവുണ്ടായി.

date