Skip to main content

മാധ്യമ ദിനാചരണം ഇന്ന് (29 ജനുവരി); മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും 

*സിദ്ധാർഥ് വരദരാജൻ മുഖ്യപ്രഭാഷകൻ 

ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മാധ്യമ ദിനാചരണം ഇന്ന് (29 ജനുവരി) തിരുവനന്തപുരത്ത് നടക്കും. രാവിലെ 10.30നു ഹോട്ടൽ വിവാന്റയിലെ ഏതൻസ് ഹാളിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ '21-ാം നൂറ്റാണ്ടിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകനും 'ദി വയർ' എഡിറ്ററുമായ സിദ്ധാർഥ് വരദരാജൻ മുഖ്യ പ്രഭാഷണം നടത്തും. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, പി.ആർ.ഡി. അഡീഷണൽ ഡയറക്ടർമാരായ കെ. സന്തോഷ് കുമാർ, കെ. അബ്ദുൾ റഷീദ്, കെ.യു.ഡബ്ല്യു.ജെ. ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, ട്രഷറർ സുരേഷ് വെള്ളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോർജ്, ജില്ലാ സെക്രട്ടറി അനുപമ ജി. നായർ തുടങ്ങിയവർ പങ്കെടുക്കും.

'പത്ര-ദൃശ്യ-ഓൺലൈൻ മാധ്യമങ്ങൾ നേരിടുന്ന പ്രതിസന്ധികളും അതിജീവന മാർഗങ്ങളും' എന്ന വിഷയത്തിൽ ഉച്ചതിരിഞ്ഞു 2.30 മുതൽ പാനൽ ഡിസ്‌കഷൻ സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെയും സംസ്ഥാനത്തെയും പ്രമുഖ മാധ്യമ പ്രവർത്തകർ ചർച്ചയിൽ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ കോളജുകളിൽ നിന്ന് രജിസ്ട്രേഷൻ മുഖേന തെരഞ്ഞെടുക്കപ്പെട്ട മാധ്യമ വിദ്യാർഥികൾ പങ്കെടുക്കും.

പി.എൻ.എക്സ്. 519/2023

date