Skip to main content

വ്യാവസായിക സ്ഥാപനങ്ങളില്‍ അപകടങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

തൊഴിലാളികളുടെ സുരക്ഷ-അന്താരാഷ്ട്ര കോണ്‍ക്ലേവിന് തുടക്കം

 

വ്യാവസായിക സ്ഥാപനങ്ങളിലെ അപകടങ്ങള്‍ ലഘൂകരിക്കുകയല്ല അപകടങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

സംസ്ഥാനത്തെ വ്യവസായശാലകളിലെ തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സര്‍ക്കാര്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ വിഷന്‍ സീറോ കോണ്‍ക്ലേവ് ഓണ്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് 2023 - സുരക്ഷിതം 2.0 അന്താരാഷ്ട്ര സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നാലാം വ്യാവസായിക വിപ്ലവം മുന്‍നിര്‍ത്തി തൊഴില്‍ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന വിദേശത്തു നിന്നുളള വിദഗ്ധരില്‍ നിന്ന് കേരളത്തിന് ഏറെ കാര്യങ്ങള്‍ മനസിലാക്കാനുണ്ട്. 

സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. വ്യവസായിക രംഗത്തുള്ളവരും വിദഗ്ധരും തമ്മിലുള്ള ആശയ കൈമാറ്റത്തിലൂടെ ഈ പുതിയ നിയമങ്ങള്‍ കാര്യക്ഷമമായും ഫലപ്രദമായും നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കൃത്യമായ അവബോധത്തിലൂടെ മാത്രമേ ഏതൊരു നിയമവും വിജയകരമായി നടപ്പാക്കാനാകൂ. അവബോധത്തിന്റെ അഭാവത്തില്‍ നിയമം നടപ്പാക്കുന്നതിരേ ചില സാഹചര്യങ്ങളില്‍ പ്രതിരോധമുയരാറുണ്ട്. നിയമങ്ങളുടെ അടിസ്ഥാന ലക്ഷ്യത്തെ ഹനിക്കുന്നതാകും അത്തരം പ്രതിരോധങ്ങള്‍. സുരക്ഷിതം 2.0 യിലൂടെ സുരക്ഷയെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. 

നിക്ഷേപ, വ്യവസായ സൗഹൃദ സമീപനങ്ങളില്‍ വലിയ കുതിച്ച് ചാട്ടമാണ് സംസ്ഥാനം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി ഇന്ത്യയിലെ മികച്ച പദ്ധതിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ സംസ്ഥാനത്ത് തുടക്കമിട്ട 1,27000 സംരംഭങ്ങളില്‍ 15.71% സംരംഭങ്ങള്‍ ഉത്പാദന മേഖലയിലാണ്. അടുത്തിടെ ഉത്പാദന മേഖലയിലെ സംരംഭങ്ങളുടെ ഓഹരി വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തില്‍ നിന്ന് 13 ശതമാനത്തിലെത്തിയിരുന്നു. കേരളത്തില്‍ ഉത്പാദന മേഖല വളര്‍ച്ച കൈവരിക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ കാണാം.  

നാലാം വ്യവസായിക വിപ്ലവത്തിന്റെ ഭാഗമായി ഉത്പാദന മേഖലയില്‍ വലിയ മാറ്റങ്ങളാണുണ്ടാകുന്നത്. തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയവ സംബന്ധിച്ച് വ്യാവസായിക രംഗത്തുള്ളവരെ ബോധ്യപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. നിര്‍മ്മിത ബുദ്ധിയിലൂടെ റിയല്‍ ടൈം ഡേറ്റ അടിസ്ഥാനമാക്കിയുള്ള ഒപ്റ്റിമൈസേഷന്‍ പ്രക്രിയ യന്ത്രങ്ങളുമായുള്ള മനുഷ്യന്റെ ഇടപെടലുകള്‍ക്ക് പുതിയ വെല്ലുവിളികള്‍ തീര്‍ക്കുകയാണ്. നൂതനമായ പരിഹാര മാര്‍ഗങ്ങള്‍ ആവശ്യപ്പെടുന്നതാണിത്. ഉത്പാദന മേഖലയില്‍ സുപ്രധാന പങ്കുവഹിക്കുന്ന റോബോട്ടിക്‌സ് സാങ്കേതികവിദ്യയ്ക്ക്, പ്രത്യേകിച്ച് അപകടകരമായ ജോലികളില്‍, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കൃത്യവും വിശ്വസിനീയവുമായ യന്ത്ര നിയന്ത്രണ സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. 

തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ നിന്നും തൊഴില്‍ജന്യരോഗങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കുന്ന സ്മാര്‍ട്ട് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതില്‍ കോണ്‍ക്ലേവിലെ ആശയവിനിമയത്തിലൂടെ ലഭ്യമാകുന്ന കൂട്ടായ അറിവുകള്‍ 
നിര്‍ണ്ണായകമാകും. സുരക്ഷിതവും ആരോഗ്യകരവുമായ ഉത്പാദന മേഖലയുടെ വികാസത്തിന് കോണ്‍ക്ലേവ് വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം നോര്‍ത്ത് കളമശ്ശേരിയിലെ ചാക്കോളാസ് പവലിയന്‍ ഇവന്റ് സെന്ററില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ ജര്‍മനി, നെതര്‍ലണ്ട്, അമേരിക്ക, ഫ്രാന്‍സ്, യുകെ  തുടങ്ങിയ രാജ്യങ്ങളിലെ 12 ലധികം വിദഗ്ദര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. 

കേരളത്തിലെ വിവിധ ഫാക്ടറികളില്‍ നിന്നുള്ള മാനേജ്മെന്റ് പ്രതിനിധികള്‍, സേഫ്റ്റി ഓഫീസര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 500 പേരാണ് അന്താരാഷ്ട്ര കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. വിവിധ തൊഴില്‍ സുരക്ഷാ ഉപകരണങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. 

ഇന്‍ഡസ്ട്രി 4.0- തൊഴില്‍ ആരോഗ്യ സുരക്ഷിതത്വത്തിലെ വെല്ലുവിളികളും അവസരങ്ങളും എന്നതാണ് അന്താരാഷ്ട്ര സെമിനാറിന്റെ പ്രമേയം. നാലാം വ്യാവസായിക വിപ്ലവം മുന്‍ നിര്‍ത്തി ആധുനിക സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ്, ഐഒടി, ഡാറ്റാ അനലിറ്റിക്സ് എന്നീ സംവിധാനങ്ങളെ തൊഴില്‍ അപകടങ്ങളും തൊഴില്‍ജന്യ രോഗങ്ങളും തടയുന്നതിനായി പ്രയോജനപ്പെടുത്തുകയും അതുപോലെ വ്യവസായ മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകാന്‍ സാധ്യതയുള്ള തൊഴില്‍ ആരോഗ്യസുരക്ഷിതത്വ വെല്ലുവിളികളെ വിലയിരുത്തുകയുമാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. ജര്‍മ്മന്‍ സോഷ്യല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ്, ജര്‍മ്മനി, നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍  - കേരള ചാപ്റ്റര്‍ എന്നിവയുമായി സഹകരിച്ചാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. 

തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവരും ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു. ഡയറക്ടര്‍ ഓഫ് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് പി. പ്രമോദ്, ജോയിന്റ് ഡയറക്ടര്‍ ആര്‍. സൂരജ് കൃഷ്ണന്‍, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജേന്ദ്ര കുമാര്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ മധു എസ്. നായര്‍, ഇന്റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. കാള്‍ ഹെയ്ന്‍സ് നോയേട്ടല്‍, ബിപിസിഎല്‍ ചീഫ് എക്‌സിക്യൂട്ടീവ് ചാക്കോ എം. ജോസ്, 
ഒകുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. സുയോഷി കവാകാമി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്‍ഡോ-ജര്‍മന്‍ ഫോക്കല്‍ പോയിന്റ് ഡയറക്ടര്‍ ബി.കെ. സാഹു, ഡയറക്ടറേറ്റ് ജനറല്‍ ഫാക്ടറി അഡൈ്വസ് സര്‍വീസ് ആന്റ് ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍. ഇളങ്കോവന്‍ എന്നിവരും ഓണ്‍ലൈനായി പങ്കെടുത്തു.

date