Skip to main content

തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതില്‍ മുഖ്യപരിഗണന നല്‍കണം: മന്ത്രി വി. ശിവന്‍ കുട്ടി

തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതില്‍ മുഖ്യപരിഗണന നല്‍കണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി. ഇന്റര്‍നാഷണല്‍ വിഷന്‍ സീറോ കോണ്‍ക്ലേവ് ഓണ്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് 2023 - സുരക്ഷിതം 2.0 അന്താരാഷ്ട്ര സെമിനാറില്‍ അധ്യക്ഷത വഹിച്ച് 
ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങളുടെ ഏറ്റവും വലിയ നിക്ഷേപം തൊഴിലാളികളാണ്. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതു വഴി മികച്ച പ്രവര്‍ത്തനക്ഷമതയും ലാഭവുമുണ്ടാകും. 

വ്യവസായിക സംരംഭങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി പ്രൈമറി തലം മുതല്‍ സാങ്കേതിക, പ്രൊഫഷണല്‍ വിദ്യാഭ്യാസം വരെ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനാണ് ശ്രമം. 

തുല്യ അവസരങ്ങളും മികച്ച തൊഴില്‍ അന്തരീക്ഷവും ഉറപ്പാക്കി, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും തൊഴിലാളി സൗഹൃദവുമാക്കാന്‍ സാങ്കേതികവിദ്യയുടെ പുരോഗതിയിലൂടെ കഴിയും. വ്യവസായങ്ങളും തൊഴിലാളികളുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തണം. തൊഴിലാളിക്ഷേമവും കേന്ദ്രബിന്ദുവാകണം. മാന്യമായ തൊഴിലും സാമ്പത്തിക വളര്‍ച്ചയുമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള വേഗതയേറിയ സാങ്കേതിക മാറ്റങ്ങളുടെ കാലഘട്ടത്തില്‍ വ്യവസായങ്ങളും ഒക്യുപേഷണല്‍ വിദഗ്ധരും തമ്മിലുള്ള ഇടപെടലിന്റെ പ്രാധാന്യം വര്‍ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

date