Skip to main content

ശുചിത്വ കേരളം: മാലിന്യസംസ്‌ക്കരണത്തില്‍ പുതുപ്രതീക്ഷ നല്‍കി  ഗ്ലോബല്‍ എക്സ്പോയ്ക്ക് സമാപനം:

 

മൂന്നു ദിവസത്തിനിടെ പങ്കെടുത്തത് 20,000 പേര്‍ 

 

    മാലിന്യവിമുക്ത സംസ്ഥാനമെന്ന പദവിയിലേക്ക് ചുവടുവച്ച്‌ മറ്റ് സംസ്ഥാനങ്ങള്‍ക്കും ലോകത്തിനും മാതൃകയാകുവാന്‍ ഒരുങ്ങുന്ന കേരളത്തിന് മാലിന്യസംസ്‌ക്കരണത്തില്‍ പുതുപ്രതീക്ഷ നല്‍കി ഗ്ലോബല്‍ എക്സ്പോയ്ക്ക് സമാപനമായി. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 20,000 പേരാണ് മൂന്നു ദിവസത്തെ എക്സ്പോയില്‍ പങ്കെടുത്തത്. 

    ഖര-ദ്രവ മാലിന്യ സംസ്‌ക്കരണത്തിന് പ്രാധാന്യം നല്‍കി വിദേശ വിദഗ്ധരെ കൂടി പങ്കെടുപ്പിച്ച് വിപുലമായി നടത്തിയ ആദ്യ എക്സ്പോയാണ് കൊച്ചിയില്‍ വിജയകരമായി സംഘടിപ്പിച്ചത്. മാലിന്യ സംസ്‌ക്കരണ രംഗത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യവിമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് തദ്ദേശസ്വയംഭരണ വകുപ്പിനായി ശുചിത്വ മിഷന്‍ പരിപാടി സംഘടിപ്പിച്ചത്. 

    105 എക്സിബിഷന്‍ സ്റ്റാളുകളിലായി മാലിന്യ സംസ്‌ക്കരണത്തിലെ മികച്ച മാതൃകകളും പ്രദര്‍ശിപ്പിച്ചിരുന്നു. 22 സെഷനുകളിലായി മൂന്നു ദിവസത്തിനിടെ 150 വിദഗ്ധര്‍ പങ്കെടുത്തു. ഗ്ലോബല്‍ എക്സ്പോയുടെ തുടര്‍ച്ചയെന്ന നിലയില്‍ രണ്ടാം ഘട്ടമായി കര്‍മ്മപദ്ധതി രൂപികരിക്കും. 

    സമാപന സമ്മേളനം മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ ഉദ്ഘാടനം  ചെയ്തു. ഗ്ലോബല്‍ എക്സ്പോയുടെ തുടര്‍ച്ചയായി കൊച്ചി നഗരത്തിലും എറണാകുളം ജില്ലയിലും മാലിന്യസംസ്‌ക്കരണത്തില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് മേയര്‍ പറഞ്ഞു. 
വ്യവസായ നഗരമെന്ന നിലയില്‍ കൊച്ചിക്ക് ഏറെ പ്രാധാന്യമുണ്ട്. ലോകത്തിന് മുന്നില്‍ കൊച്ചിയാണ് കേരളത്തിന്റെ കണ്ണാടി. മാലിന്യസംസ്‌ക്കരണത്തില്‍ മികച്ച മാതൃക സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ കൊച്ചിയുടെ വികസനത്തിനും കേരളത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനും കഴിയുമെന്നും മേയര്‍ പറഞ്ഞു. 

    ഗ്ലോബല്‍ എക്സ്പോയുടെ പ്രചാരണത്തിനായി കൊച്ചിയില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ റീസൈക്കിള്‍ ചെയ്തുകൊണ്ടാണ് എക്പോ സമാപിച്ചത്. 

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫ.കെ.വി തോമസ് മുഖ്യാതിഥിയായി.  യു.വി ജോസ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ വി.എ ശ്രീജിത്ത്, പി.ആര്‍ റെനീഷ്, ടി.കെ അഷ്റഫ്,  ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍  കെ.ടി.ബാലഭാസ്‌കരന്‍, ശുചിത്വ മിഷന്‍ ഡയറക്ടര്‍ വനജ കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. 

    ഗ്ലോബല്‍ എക്സ്പോയില്‍ വാളന്റീയര്‍മാരായി പങ്കെടുത്ത വിദ്യാര്‍ഥിനികളെ ചടങ്ങില്‍ ആദരിച്ചു.
 

date