Skip to main content

കറ്റാര്‍വാഴയില്‍ നിന്ന് ജ്യൂസ്; അഗ്രോ ഫുഡ് പ്രോയില്‍ താരമായി കാര്‍മല്‍ മൗണ്ട് സ്‌പെഷ്യല്‍ സ്‌കൂള്‍

കറ്റാര്‍വാഴ ഔഷധത്തിനു മാത്രമല്ല, ഒന്നാന്തരം ശീതള പാനീയത്തിനും ഉപകാരപ്പെടുമെന്ന് തെളിയിക്കുകയാണ് മുള്ളൂര്‍ക്കര കാര്‍മല്‍ മൗണ്ട് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. തേക്കിന്‍ കാട് മൈതാനിയില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഗ്രോ ഫുഡ് പ്രോയിലാണ് ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികള്‍ തയ്യാറാക്കിയ കറ്റാര്‍വാഴ ഫ്രഷ് ജ്യൂസ് താരമായത്. ആരോഗ്യപരമായ ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നു എന്ന പ്രത്യേകതയും കറ്റാര്‍വാഴ ജ്യൂസിനുണ്ട്. സ്റ്റാളിലെ ഏക കറ്റാര്‍വാഴ ജ്യൂസും ഇവരുടേതാണ്. അതുകൊണ്ട് തന്നെ ജ്യൂസിന് ആവശ്യക്കാര്‍ ഏറെയാണ്. ഒരു ഗ്ലാസിന് വെറും പത്ത് രൂപയാണ് വില. 
ജില്ലാ ഭരണകൂടത്തിന്റെ സസ്‌നേഹം തൃശൂര്‍ പദ്ധതിയുടെ ഭാഗമായി കൂടെ എന്ന പേരില്‍ ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന സംരംഭകത്വ പ്രോല്‍സാഹന പദ്ധതിയുടെ ഭാഗമായാണ് കാര്‍മല്‍ മൗണ്ട് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അഗ്രോ ഫുഡ് പ്രോ മേളയിലെത്തിയത്. 
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തോട് അനുബന്ധിച്ച് തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഉത്പന്നങ്ങളാണ് ഫുഡ് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മേളയിലൊരുക്കിയിട്ടുള്ളത്. ചുക്കുകാപ്പി, ഓര്‍ഗാനിക് കോഫി, ഏലക്ക ചായ, മിക്സ്ചര്‍, ജെല്‍ കാന്റില്‍ തുടങ്ങിയ  ഉത്പന്നങ്ങള്‍ മേളയിലുണ്ട്. 25 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഇവ തയ്യാറാക്കിയത്. പ്രകൃതിയുടെ സാന്ത്വനം തിരിച്ചറിയുന്നതിനുള്ള  പ്രെമോഷന്‍ കൂടിയാണിതെന്ന് കാര്‍മല്‍ മൗണ്ട് സ്‌പെഷ്യല്‍ സ്‌കൂളിലെ തൊഴില്‍ പരിശീലക സിസ്റ്റര്‍ ഡോണ മരിയ അഭിപ്രായപ്പെട്ടു. ഭിന്നശേഷി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക്  തൊഴില്‍ പരിശീലനം  നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയാണ്  ഇത്തരം പാരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും സിസ്റ്റര്‍ പറഞ്ഞു.

date