Skip to main content
itfolk

നാടുണര്‍ത്തി നാടകോത്സവം: ആവേശത്തോടെ ആദ്യ ദിനം

പല ദേശങ്ങള്‍, പല മനുഷ്യര്‍, പല സംസ്‌കാരങ്ങള്‍... പതിമൂന്നാമത് ഇറ്റ്‌ഫോക്കിനായി 'ഒന്നിക്കണം മാനവികത' എന്ന പ്രമേയത്തില്‍ എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ തൃശൂര്‍ നഗരത്തിലെ വിശ്വനാടക വേദികളില്‍ ആവേശത്തിന്റെ അരങ്ങുണര്‍ന്നു. കലാ-നാടക സ്‌നേഹികള്‍ കാത്തിരുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആദ്യ ദിനം അക്ഷരാര്‍ത്ഥത്തില്‍ നഗരത്തെ ഉത്സവ വേദിയാക്കി. കോവിഡ് കവര്‍ന്ന രണ്ട് വര്‍ഷത്തിന്റെ ഇടവേളകൾക്ക് ശേഷമെത്തിയ ഇറ്റ്‌ഫോക്കിനെ വരവേല്‍ക്കാന്‍ അതിര്‍ത്തികള്‍ ഭേദിച്ച് നാടും നഗരവും വിശ്വനാടക വേദിയിലേയ്ക്ക് ഒഴുകുകയായിരുന്നു.

കെ ടി മുഹമ്മദ് തിയറ്റര്‍ പരിസരത്ത് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ മേള പ്രമാണി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വാദ്യമേളത്തോടെയാണ് അന്താരാഷ്ട്ര നാടകോത്സവത്തിന് അരങ്ങുണര്‍ന്നത്. മലയാളി മനസില്‍ ചെണ്ടയുടെ ഇഷ്ടതാളം തീര്‍ത്ത മട്ടന്നൂരിന്റെ വാദ്യമേളം വിശ്വ നാടകവേദിയുടെ വിളംബരമായി. 

സമകാലിക രാഷ്ട്രീയ-സാമൂഹിക അവസ്ഥകള്‍ ചര്‍ച്ച ചെയ്ത മൂന്ന് നാടകങ്ങളാണ് ആദ്യദിനം ഇറ്റ്‌ഫോക്കിലൂടെ സംവദിച്ചത്.  അതുല്‍ കുമാര്‍ സംവിധാനം ചെയ്ത  ടേക്കിങ്ങ് സൈഡ്‌സ് എന്ന നാടകത്തിലൂടെ ദേശീയ നാടകങ്ങള്‍ക്ക്  കെ ടി മുഹമ്മദ് തിയറ്ററില്‍ തുടക്കമായി. ഇന്ത്യന്‍ അടിയന്തരാവസ്ഥ കാലഘട്ടത്തിലെ അഞ്ച് സ്ത്രീ കഥാപാത്രങ്ങളിലൂടെ അരങ്ങിലെത്തിച്ച  കെ എസ് പ്രതാപന്റെ നിലവിളികള്‍ മര്‍മ്മരങ്ങള്‍ ആക്രോശങ്ങള്‍ എന്ന നാടകത്തിലൂടെ ബ്ലാക്ക് ബോക്‌സ് തിയേറ്ററില്‍ മലയാള നാടകങ്ങള്‍ക്ക് തുടക്കമായി. അന്തര്‍ദേശീയ നാടകോത്സവത്തിന് ചുക്കാന്‍ പിടിച്ച നടന്‍ മുരളിയുടെ പേരിലുള്ള ആക്ടര്‍ മുരളി തിയറ്ററും  ആദ്യ ദിനത്തില്‍ ഇറ്റ്‌ഫോക്കിന് അരങ്ങായി. ദക്ഷിണാഫ്രിക്കയിലെ സാമൂഹിക-രാഷ്ട്രീയ  പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്ത ബ്രെറ്റ് ബെയ്‌ലിയുടെ സാംസണ്‍ നാടകത്തോടെയാണ് അന്തര്‍ദേശീയ നാടകങ്ങള്‍ക്ക് തിരശീല ഉയര്‍ന്നത്. വംശീയ പ്രശ്‌നങ്ങള്‍, കൊളോണിയലിസത്തിന്റെ ഭീകരതകള്‍ തുടങ്ങി രാജ്യത്തെ ഇപ്പോഴും വേട്ടയാടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പറഞ്ഞ സാംസണ്‍ ആദ്യദിനം ആസ്വാദകരെ സ്വന്തമാക്കി. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമുള്ള ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ മേളയിലെ അതിഥികള്‍ക്കായി ഭക്ഷ്യ വിഭവങ്ങളൊരുക്കിയ കഫേ കുടുംബശ്രീയും ശ്രദ്ധ നേടി. 

നാടകോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ അരങ്ങിലെത്തുന്ന 'ഹീറോ ബ്യൂട്ടി' ഇത്തവണത്തെ മറ്റൊരു ആകര്‍ഷണമാണ്. കുട്ടികള്‍ക്കായുള്ള വര്‍ണാഭമായ ഒരു തായ്‌വാനീസ് ഓപ്പറയാണ് ഹീറോ ബ്യൂട്ടി. പവലിയന്‍ തിയറ്ററില്‍ രാത്രി 8.45നാണ് നാടകം. ഫോക്ക് സംഗീതജ്ഞനായ സുസ്മിത് ബോസിന്റെ സംഗീതവിരുന്ന് ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക്ക് ഗ്യാലറിയില്‍ വൈകിട്ട് 3 മണിക്കെത്തും. ഇന്ത്യന്‍ സാഹിത്യ നിരൂപകന്‍ ഗണേഷ് എന്‍ ദേവിയുടെ പ്രഭാഷണവും ഉണ്ടാകും. 

വേദിയില്‍ ഇന്ന് (ഫെബ്രുവരി 6)

ബ്ലാക്ക് ബോക്‌സ് - വൈകിട്ട് 4 
നിലവിളികള്‍, മര്‍മരങ്ങള്‍ ആക്രോശങ്ങള്‍

കെ ടി മുഹമ്മദ് തിയേറ്റര്‍ - വൈകിട്ട് 4 
ഫൗള്‍ പ്ലേ

ആക്ടര്‍ മുരളി തിയേറ്റര്‍ - വൈകിട്ട് 7
സാംസണ്‍ 

പവലിയന്‍ - രാത്രി 8.45 
ഹീറോ ബ്യൂട്ടി

ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനീക് ഗാലറി 
രാവിലെ 11 മുതല്‍ 12.30 -ആര്‍ട്ടിസ്റ്റ് കോണ്‍വര്‍സേഷന്‍ - 

ഉച്ചയ്ക്ക് 2 - Literature for building bridges: social harmony and imaginative expression - ഗണേഷ് എന്‍ ദേവി

വൈകിട്ട് 3 മുതല്‍ 4 വരെ - ഫോക്ക് സിംഗര്‍ സുസ്മിത് ബോസിന്റെ സംഗീത പരിപാടി

date