Skip to main content

ബജറ്റ് പ്രഖ്യാപനങ്ങള്‍ കേരള ബ്രാന്റിന് ശക്തിപകരും: വ്യവസായ മന്ത്രി പി രാജീവ്

*അഗ്രോ ഫുഡ് പ്രോയ്ക്ക് തേക്കിന്‍കാട് മൈതാനത്ത് തുടക്കം

*ഈ വര്‍ഷം മാര്‍ച്ചോടെ പുതിയ സംരംഭങ്ങളുടെ എണ്ണം ഒന്നര ലക്ഷമാക്കും

വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അഗ്രോ ഫുഡ്പ്രോയ്ക്ക് തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ വര്‍ണാഭമായ തുടക്കം. കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ സംരംഭകത്വ മേഖലയില്‍ പുത്തനുണര്‍വ് ലക്ഷ്യമിട്ട് നടത്തുന്ന പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം വ്യവസായ നിയമവകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു. 

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 1000 കോടി രൂപയുടെ മെയ്ക്ക് ഇന്‍ കേരള പദ്ധതിയിലൂടെ കേരള ബ്രാന്റ് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കുപ്പിവെള്ളം ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ പല ഉല്‍പ്പന്നങ്ങളും സ്വന്തമായി ഉല്‍പ്പാദിപ്പിക്കാന്‍ ഇതുവഴി സാധിക്കും. കേരള ബ്രാന്റ് ലക്ഷ്യമിടുന്ന വന്‍ പദ്ധതികള്‍ക്കാണ് ബജറ്റില്‍ തുക വകയിരിത്തിരിക്കുന്നത്. അവ വ്യവസായ മേഖലയ്ക്ക് വലിയ ഉണര്‍വ് പകരുമെന്നും മന്ത്രി പറഞ്ഞു. 

ബജറ്റില്‍ പ്രഖ്യാപിച്ച മിഷന്‍ 1000 പദ്ധതിയിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച 1000 ചെറുകിട സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് അവയിലൂടെ ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ സംരംഭകത്വ വര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാര്‍ച്ച് അവസാനത്തോടെ ഒന്നര ലക്ഷം പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ വ്യവസായ വകുപ്പിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷവും സംരംഭക വര്‍ഷമായി ആചരിക്കും. 

കേരളത്തിന്റെ വ്യവസായ രംഗത്ത് ഈ വര്‍ഷം 17.3 ശതമാനം വര്‍ധനവുണ്ടായി കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക വളര്‍ച്ചാ നിരക്കാണിത്. ഇന്ത്യയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വ്യാവസായിക ഉല്‍പ്പാദന രംഗത്തെ വളര്‍ച്ചാ നിരക്ക് 10.3 ശതമാനമായിരുന്നു. ഈ വര്‍ഷം അത് 4.1 ഒരു ശതമാനമായി കുറഞ്ഞതായാണ് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കേരളത്തിന്റെ ഈ വര്‍ഷത്തെ ഉല്‍പ്പാദന രംഗത്തെ വളര്‍ച്ചാ നിരക്ക് 18.9 ശതമാനമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയാണിതെന്നും മന്ത്രി പറഞ്ഞു. 
മാനവിക വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലെ മുന്നേറ്റമാണ് കേരള മോഡലിന്റെ ശക്തിയെങ്കില്‍ അതിന്റെ ദൗര്‍ബല്യം അടിസ്ഥാന സൗകര്യ വികസനത്തിലെ അപര്യാപ്തതയും കാര്‍ഷിക, വ്യവസായ മേഖലകളിലെ സ്തംഭനാവസ്ഥയുമായിരുന്നു. എന്നാല്‍ ഈ പരിമിതി പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. വ്യാവസായിക, കാര്‍ഷിക മേഖലകളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ അതിന്റെ ഫലമാണെന്നും മന്ത്രി പറഞ്ഞു. 

സംരംഭകവര്‍ഷമായാണ് ഈ വര്‍ഷം സര്‍ക്കാര്‍ ആചരിക്കുന്നത്. അതിന്റെ ഭാഗമായി 1,29,250 പുതിയ സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങാന്‍ സാധിച്ചു. 7825 കോടി നിക്ഷേപമുണ്ടായി. 278201 തൊഴിലവസരങ്ങള്‍ ഇതിന്റെ ഭാഗമായി സൃഷ്ടിക്കാന്‍ സാധിച്ചു. സംസ്ഥാനത്ത് ഒരു വര്‍ഷം ശരാശരി 10,000 പുതിയ സംരംഭങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്താണിത്.  
ഇതില്‍ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചത് തൃശൂര്‍ ജില്ലയിലാണെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ നേതൃത്വത്തിലുള്ള മികച്ച ഏകോപനവും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ. കൃപകുമാറിന്റെ നേതൃത്വത്തിലുള്ള മികച്ച സംഘാടനവുമാണ് ഇതിന് വഴിയൊരുക്കിയതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച സംരംഭങ്ങളില്‍ 22293 സംരംഭങ്ങള്‍ ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ടതാണ്. 1287.4 കോടി രൂപയുടെ നിക്ഷേപവും 55212 തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു.

പുതുതായി തുടങ്ങിയ സംരംഭങ്ങളില്‍ സര്‍ക്കാരിന് മുതല്‍ മുടക്കുണ്ടാവുകയെന്നത് പ്രധാനമല്ലെന്നും മന്ത്രി പറഞ്ഞു. ഇതുവരെ സ്വര്‍ണമായോ പണമായോ ബാങ്ക് നിക്ഷേപമായോ കിടന്നിരുന്ന ധനം മൂലധനമായി മാറ്റാന്‍ കഴിഞ്ഞുവെന്നതാണ് ഇതിലൂടെ കൈവരിച്ച പ്രധാന നേട്ടം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാനും ഇതുവഴി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.  

ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വ്യാവസായിക മേഖലയില്‍ കേരളത്തിന് മുന്നേറാന്‍ കഴിയില്ലെന്ന പതിവ് ധാരണകള്‍ തിരുത്തിയെഴുതാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി മന്ത്രി പറഞ്ഞു. പി ബാലചന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി.കെ. ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ പൂര്‍ണ്ണിമ സുരേഷ്, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ സുധീര്‍, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ്, തൃശ്ശൂര്‍ എം.എസ്.എം.ഇ. ഡിഎഫ്ഒ ഡയറക്ടര്‍ ജി എസ് പ്രകാശ്, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് നിസാറുദ്ദീന്‍, എഫ്.ഐ.സി.സി.ഐ. കേരള ഹെഡ് സേവിയോ മാത്യു, സി.ഐ.ഐ മുന്‍ ചെയര്‍മാന്‍ ജോയച്ചന്‍ കെ എരിഞ്ഞേരി, വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ. കെ.എസ്. കൃപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date