Skip to main content

രുചിപെരുമയിലും വൈവിധ്യം; ഭക്ഷ്യമേള ഒരുക്കി കുടുംബശ്രീ

തൃശൂരില്‍ ഇന്ന് (ഫെബ്രുവരി 5) മുതല്‍ 14 വരെ നടക്കുന്ന പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്‌ഫോക്കിന് രുചി കൂട്ടൊരുക്കുവാന്‍ കുടുംബശ്രീ ഒരുങ്ങുന്നു. നാടക വൈവിധ്യത്തോടൊപ്പം ഭക്ഷണ വൈവിധ്യത്തിന്റെ കൂടി മേളയാകും ഇത്തവണ ഇറ്റ്‌ഫോക്ക്. കുടുംബശ്രീ ജില്ലാ മിഷന്‍ ഒരുക്കുന്ന ദേശീയ ഭക്ഷ്യമേള രാജ്യത്തെ വിവിധ ദേശങ്ങളിലെ തനതു ഭക്ഷണത്തിന്റെ സംഗമമാകും. 

'സുഭിക്ഷ ഭക്ഷണം സുരക്ഷിത കേരളം' എന്ന കേരള സര്‍ക്കാരിന്റെ മുദ്രാവാക്യത്തിലൂന്നി കുടുംബശ്രീ ജില്ലാ മിഷന്റെ മേല്‍നോട്ടത്തില്‍ 13 സ്റ്റാളുകളാണ് ഇറ്റ്‌ഫോക്കില്‍ പ്രവര്‍ത്തിക്കുക. കേരളത്തിലെ വിവിധ ജില്ലകള്‍ക്കില്‍ നിന്നുള്ള ഒന്‍പതു യൂണിറ്റ് കൂടാതെ ഉത്തരാഖണഡ്, ആന്ദ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്ഷണ സ്റ്റാളുകളും മേളയുടെ ആകര്‍ഷണമായിരിക്കും. 'ഈ നാട് എല്ലാവര്‍ക്കും' എന്നതിലൂന്നി എറണാകുളത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ഗ്രൂപ്പുകളുടെയും, പാലക്കാട് അട്ടപ്പാടിയിലെ 'ഈ നാട് എല്ലാ പട്ടിക വര്‍ഗ്ഗ ഗോത്ര വിഭാഗത്തില്‍പ്പെട്ടവരുടെയും' തനതു ഭക്ഷണങ്ങള്‍ രുചിക്കുവാന്‍ മേളയില്‍ സാധിക്കും.

തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ സമീപമുള്ള ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലായിരിക്കും ഫുഡ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്  സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. ഷാര്‍ജ ഫെസ്റ്റ്, വിവിധ ദേശീയ സരസ് മേളകള്‍, കേരളത്തിലെ വിവിധ സ്റ്റേഡയങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മേളകള്‍ക്ക് ഭക്ഷണം ഒരുക്കി പരിചയമുള്ള കുടുംബശ്രീ പരിശീലന ഏജന്‍സിയായ ഐഫം(അദേഭ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ) നിന്നുള്ള പാചകകാരാണ് ഭക്ഷ്യമേളയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

അട്ടപ്പാടി വനസുന്ദരി, കുട്ടനാടന്‍ വിഭവങ്ങള്‍, കപ്പ മീന്‍കറി, മലബാര്‍ വിഭവങ്ങള്‍, തലശ്ശേരി ദം ബിരിയാണി, കാസര്‍ഗോഡ് ചിക്കന്‍ സുക്ക, വിവിധതരം ദോശകള്‍, നാടന്‍ സ്‌നാക്ക്‌സ്, വിവിധതരം പായസം, ജ്യൂസ്, ഷെയ്ക്ക്, ഐസ്‌ക്രീം എന്നിവയും മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക വിഭവങ്ങളും മേളയില്‍ ലഭ്യമായിരിക്കും. നാടകോത്സവത്തില്‍ പങ്കാളികളാകുന്ന വിദേശ സംഘങ്ങള്‍ക്കുള്ള തനതു ഭക്ഷണവും കുടുംബശ്രീഒരുക്കും.

date