Skip to main content

ഠാണ-ചന്തക്കുന്ന് ജംഗ്ഷന്‍ വികസനം; പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി

*പുനരധിവാസ പാക്കേജ് ഹിയറിംഗ് നടന്നു

ഇരിങ്ങാലക്കുടയിലെ ഠാണ-ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി പദ്ധതി പ്രദേശത്ത് വീടും സ്ഥലവും സ്ഥാപനങ്ങളും ജീവനോപാധിയും പൂര്‍ണ്ണമായി നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള ആര്‍.ആര്‍. ഹിയറിംഗ് നടന്നു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ഹിയറിംഗില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു പങ്കെടുത്തു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഠാണ, ചന്തക്കുന്ന് ജംഗ്ഷനുകളുടെ മുഖച്ഛായ തന്നെ മാറുമെന്ന് മന്ത്രി പറഞ്ഞു. ഹിയറിംഗിന് ശേഷമുള്ള നടപടികള്‍ പരമാവധി വേഗതയില്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവരുടെയും സഹകരണവും മന്ത്രി തേടി. നാടിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാകുകയാണ് എല്ലാവരും. പദ്ധതിപ്രദേശത്ത് വീടും സ്ഥലവും സ്ഥാപനങ്ങളും ജീവനോപാധിയും പൂര്‍ണ്ണമായി നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഹിയറിംഗ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. നോട്ടീസ് ലഭിക്കാത്ത പുനരധിവാസത്തിന് അര്‍ഹരായവരും മതിയായ രേഖകള്‍ സഹിതം ഹിയറിംഗില്‍ പങ്കെടുത്തു. റോഡ് വികസനം സാധ്യമാകുന്നതോടെ സംസ്ഥാന പാതയിലെയും ഇരിങ്ങാലക്കുട നഗരത്തിലെയും യാത്രാക്ലേശത്തിനാണ് വിരാമമാകുന്നത്. സംസ്ഥാനപാതയില്‍ കൊടുങ്ങല്ലൂര്‍-ഷൊര്‍ണൂര്‍ റോഡില്‍ ചന്തക്കുന്ന്  മുതല്‍ പൂതംകുളം വരെയുള്ള  ഭാഗമാണ് വീതി കൂട്ടുന്നത്. ഇതിനായി ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിലായി ഒന്നര ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഠാണ-ചന്തക്കുന്ന് റോഡിലെ പ്രധാന സ്ഥലങ്ങളുടെ ഉടമകളായ കൂടല്‍മാണിക്യം ദേവസ്വവും കത്തിഡ്രല്‍ ദേവലായത്തിന്റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

date