Skip to main content

ഇറ്റ്ഫോക്ക് രാവിന് മാസ്മരികത സമ്മാനിച്ച് ഇന്ത്യൻ ഓഷ്യൻ

എല്ലാ അതിർവരമ്പുകളെയും മായ്ച്ച് സംഗീതത്തിന്റെ വിസ്മയ താളത്തിൽ നാടാകെ ഒന്നായി. നിലാവും നക്ഷത്രങ്ങളും ഇൻഡോർ സ്റ്റേഡിയത്തിന്റെ ആകാശത്ത് അണിനിരന്നു. ഇന്ത്യൻ ഫ്യൂഷൻ സംഗീതത്തിന്റെ കുലപതികളായ ഇന്ത്യൻ ഓഷ്യൻ മ്യൂസിക് ബാൻഡിന്റെ മാസ്മരിക അവതരണമാണ് പതിമൂന്നാമത് ഇറ്റ്ഫോക്കിന്റെ ആദ്യരാവിനെ താളാത്മകമാക്കിയത്. ഇന്ത്യൻ ഓഷ്യൻ ആരാധകരും സംഗീതപ്രേമികളും  ഒരുപോലെ ആവേശത്തിരമാലയിൽ ഒഴുകുന്ന കാഴ്ചയ്ക്കാണ് ഇറ്റ്ഫോക്കിന്റെ പവിലിയൻ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കബീർ സൂക്തങ്ങളും വിവിധ ഭാഷകളിലുള്ള ഗാനങ്ങളും നഗരിയെ ആവേശത്തിലാഴ്ത്തി.

ചലച്ചിത്ര സംഗീതങ്ങളെക്കാൾ സംഗീതബാൻഡുകളുടെ ജനപ്രീതി താരതമ്യേന കുറവുള്ള ഒരു രാജ്യത്ത് 1990 കളിലാണ് ഇന്ത്യൻ ഓഷ്യൻ ഫ്യൂഷൻ റോക്ക് ബാൻഡിനു തുടക്കം കുറിക്കുന്നത്. ബന്ദേ, മാ രേവ തുടങ്ങിയവ സ്വതന്ത്രമായ റോക്ക് ഫ്യൂഷന്റെ  അടിത്തറ പാകി. സംഗീത ആശയങ്ങളുടെ അലയൊലികൾ ഉണർത്തുന്ന വിവിധ സംഗീത വിഭാഗങ്ങളുടെ സംയോജനമാണ് ഈ 33 വർഷത്തെ ബാൻഡിനെ ഐതിഹാസികമാക്കുന്നത്. പരിസ്ഥിതിവാദം, വിപ്ലവം, സൂഫിസം തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ, ദാർശനിക ആശയങ്ങൾ ഗാനരചനയിലേക്കും പോപ്പ് സംസ്‌കാരത്തിലേക്കും കൊണ്ടുവരുന്നതിൽ ബാൻഡ്  ഇക്കാലമത്രയും ശ്രദ്ധ പതിപ്പിച്ചു.

ഇന്ത്യൻ നാടോടി രാഗങ്ങളുടെയും ഇന്ത്യൻ ക്ലാസിക്കൽ രാഗങ്ങളുടെയും ആത്മാംശം വെസ്റ്റേൺ അൺസ്‌കേപ്പിലേക്ക് കൊണ്ടുവരാൻ ആദ്യം ശ്രമിച്ചത് ഇന്ത്യൻ ഓഷ്യൻ ബാന്റാണ്. ജാസ്, റോക്ക്, ഫ്യൂഷൻ സംഗീതത്തിന്റെ തരംഗങ്ങളെ കടലിനെയെന്ന പോലെ ആരാധകർ നെഞ്ചിലേറ്റി. പതിറ്റാണ്ടുകളായി തലമുറകളെ പ്രചോദിപ്പിച്ച  ഇന്ത്യൻ ഓഷ്യനെ ഇറ്റ്ഫോക്കിന്റെ ഭാഗമാക്കിയത് വഴി പുതിയ ഒരു പോപ്പ് സംസ്‌കാരം കൂടി കേരളത്തിന്റെ ഭാഗമാകുന്നു.

മാനവരാശിയുടെ മഹത്തായ കൂട്ടായ്മയിലേയ്ക്ക് ലക്ഷ്യം വെയ്ക്കുന്ന വിശ്വനാടകവേദി ഇത്തവണ കലകളുടെ സമന്വയം എന്ന ആശയത്തിന് മികച്ച ഊന്നൽ നൽകിയാണ് അരങ്ങേറുക. സംഗീതത്തിന് പ്രാധാന്യം നൽകി ദിവസവും അരങ്ങേറുന്ന സംഗീതാവതരണങ്ങൾ ഇതിന്റെ ഭാഗമാണ്.

date