Skip to main content

12 വർഷത്തെ അനുഭവം: ഇറ്റ്ഫോക്ക് 13-ാം എഡിഷനിലും കക്കോടിയുണ്ട്

മലയാള നാടകവേദി ഇറ്റ്ഫോക്കിന്റെ സത്തയെ പൂർണ്ണമായും സ്വാംശീകരിക്കേണ്ടതുണ്ടെന്ന് നാടകകൃത്ത് സുലൈമാൻ കക്കോടി. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ നാടകോത്സവത്തിന്റെ പതിമൂന്നാമത് എഡിഷനിൽ പങ്കെടുക്കാനായതിന്റെ ആവേശത്തിലാണ് കക്കോടി നാടകങ്ങളുടെ   രചയിതാവ് സുലൈമാൻ കക്കോടി. കഴിഞ്ഞ 12 വർഷമായി അന്താരാഷ്ട്ര നാടകോത്സവ വേദിയിലെ സജീവ സാന്നിധ്യമാണ് അദ്ദേഹം.

ഇറ്റ്ഫോക്ക് അവതരിപ്പിക്കുന്ന നൂതനസാങ്കേതികതകളെ അവതരിപ്പിക്കാൻ മലയാള നാടകവേദി ഇപ്പോഴും വിമുഖത കാണിക്കുന്നുണ്ടെന്നും  അമച്വർ നാടകരംഗത്ത് ഇത്തരം സമീപനങ്ങൾ ഉണ്ടായിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റ്ഫോക്ക് പതിമൂന്നാമത് എഡിഷനിൽ എത്തിനിൽക്കുമ്പോൾ ഓരോ വർഷവും കാണികൾ വർധിക്കുന്നുണ്ട്. സ്ത്രീ പ്രേക്ഷകരുടെ എണ്ണത്തിലും ഈ വർധനവ് കാണാം. മറ്റു രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും അപേക്ഷിച്ചു ഇറ്റ്ഫോക്കിന്റെ കാണികൾ നാടകപ്രവർത്തകർ മാത്രമല്ല എന്നത് സാംസ്‌കാരിക കേരളത്തിന് പ്രതീക്ഷയ്ക്ക് വക നൽകുന്നു. എന്നാൽ ഒരു തിയറ്റർ സംസ്കാരം കേരളത്തിൽ ഇനിയും രൂപപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ഇറ്റ്ഫോക്ക് പോലുള്ള നാടകോത്സവങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ല രംഗകല. എല്ലാ കലകളുടെയും സംഗമമായ നാടകത്തിന് ജനപ്രിയത കൈവരിക്കാൻ ഇനിയും സഞ്ചരിക്കേണ്ടതുണ്ട്. തീയേറ്റർ എന്നത് സ്കൂൾ സിലബസിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

2008 ലെ ആദ്യത്തെ ഇറ്റ്ഫോക്കിനൊഴിച്ചു എല്ലാ ഇറ്റ്ഫോക്ക് എഡിഷനിലും സജീവമാണ് സുലൈമാൻ കക്കോടി.
കഴിഞ്ഞ 30 വർഷമായി നാടകരചനാ മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമാണ് അദ്ദേഹം. തീൻമേശയിലെ ദുരന്തം എന്ന നാടകം നിരവധി യുവജനോത്സവ വേദികളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള സംഗീത നാടക അക്കാദമി അവാർഡും സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡും നേടിയ കക്കോടി നിരവധി ഗ്രന്ഥങ്ങളുടെയും രചയിതാവാണ്.

date