Skip to main content

മലയാള നാടകത്തിന്റെ പഠനവേദിയാണ് ഇറ്റ്ഫോക്ക് : രാജേഷ് ശർമ്മ

മലയാള നാടകത്തിന്  വലിയൊരു പഠന വേദിയൊരുക്കുകയാണ് അന്താരാഷ്ട്ര നാടകോത്സവമെന്ന് നാടകനടനും സിനിമാ താരവുമായ രാജേഷ് ശർമ്മ. പതിമൂന്നാമത് അന്തർദേശീയ നാടകോത്സവത്തിന്റെ ഭാഗമായി അരങ്ങിലെത്തിയ നിലവിളികൾ മർമ്മരങ്ങൾ ആക്രോശങ്ങൾ എന്ന നാടകത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട് രാജേഷ് ശർമ്മ.

മലയാള നാടകവേദിക്ക്  രംഗാവതരണത്തിന്റെ പുതിയ തലങ്ങൾ ഗ്രഹിക്കാൻ ഇറ്റ്ഫോക്കിലൂടെ കഴിഞ്ഞു. അന്തർദേശീയ നാടകങ്ങളുടെ പുതു ചലനങ്ങൾ അറിയുന്നതോടൊപ്പം ഇറ്റ്ഫോക്ക് ഒരനുഭവം കൂടിയാണെന്നും അദ്ദേഹം പറയുന്നു.

ഒരു ചലച്ചിത്ര താരം എന്ന നിലയിലും ശ്രദ്ധേയനായ രാജേഷ് ശർമ്മ  സിനിമ എന്നത് കൗതുകത്തിന്റെ കലയാണെന്നും പറയുന്നു. ജനം കാണാൻ ആഗ്രഹിക്കുന്നത് സിനിമയാണെങ്കിലും സാമൂഹിക മാറ്റങ്ങൾക്ക് വഴി തെളിയിച്ചത് നാടകങ്ങളാണ്. കെ ദാമോദരന്റെ പാട്ടബാക്കി, തോപ്പിൽഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങി ഒട്ടേറെ നാടകങ്ങൾ ഇന്നും പ്രസക്തമാണ്. നാടക പ്രവർത്തകരുടെ ഇച്ഛാശക്തി കൊണ്ടാണ് ഇറ്റ്ഫോക്കിന് കൂടുതൽ ജനകീയത ലഭിച്ചത്. മാറി വരുന്ന ലോകം,  രാഷ്ട്രീയാവസ്ഥ, ചർച്ചകൾ എന്നിവയാലും ഇറ്റ്ഫോക്ക് സമ്പന്നമാണെന്നും രാജേഷ് ശർമ്മ പറയുന്നു.

നാടകോത്സവത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിറഞ്ഞ സദസിൽ ശ്രദ്ധയാകർഷിച്ച മലയാള നാടകമാണ് കെ എസ് പ്രതാപൻ സംവിധാനം ചെയ്ത  'നിലവിളികൾ മർമ്മരങ്ങൾ ആക്രോശങ്ങൾ'. അടിയന്തരാവസ്ഥ കാലഘട്ടത്തിലെ ക്രിസ്ത്യൻ കുടുംബകഥ പറയുന്ന നാടകത്തിലെ രാജേഷ് ശർമ്മയുടെ കഥാപാത്രം മികച്ച പ്രകടനം കൊണ്ടും കൈയടി നേടി

date