Skip to main content

പാചകപ്പുരയിൽ താരമായി വനസുന്ദരി

അട്ടപ്പാടിയിലെ ഊരുകളിൽ നിന്ന് ഇറ്റ്ഫോക്കിലെ പാചക മേളയിലെത്തിയ  വനസുന്ദരിയാണ് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ രണ്ടാം ദിനത്തിൽ പാചകപ്പുരയുടെ ശ്രദ്ധ നേടിയത്.
പച്ചയിലകളും കായ്കളും ചേർത്ത് സ്വാധിഷ്ഠമായൊരു ചിക്കൻ വിഭവമാണ് വനസുന്ദരി. പുതിയിന , മല്ലിയില, കറിവേപ്പില, പാലക്, കോഴി ജീരകയില, പച്ചക്കുരുമുളക്, പച്ചകാന്താരി എന്നിവ അരച്ച് ചേർത്ത് തയ്യാറാക്കിയ വിഭവമാണ് വനസുന്ദരി.

160 രൂപയ്ക്ക് ഒരു സെറ്റ് വനസുന്ദരി ലഭിക്കും. അട്ടപ്പാടിയിലെ വിവിധ കുടുംബശ്രീ അംഗങ്ങളായ  കമല അഭയകുമാർ, ശാന്ത കക്കി, ലക്ഷ്മി കക്കി, വള്ളി എന്നിവർ ചേർന്നാണ് രുചികരമായ ചിക്കൻ വിഭവം ഒരുക്കിയത്. ഡൽഹിയിൽ നടന്ന ദേശീയ ഭക്ഷ്യമേളയായ സരസ് മേളയിൽ വനസുന്ദരി താരമായിരുന്നു. നിരവധി ഭക്ഷ്യമേളകളിലും ഈ വിഭവം ശ്രദ്ധ നേടിയിട്ടുണ്ട്.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് ഓരോ ദിവസവും ഇറ്റ്ഫോക്കിന് വൈവിധ്യമായ രുചിക്കൂട്ട് തയ്യാറാക്കുന്നത്. സുഭിക്ഷ ഭക്ഷണം സുരക്ഷിത കേരളം എന്ന മുദ്രാവാക്യത്തിലൂന്നി 13 സ്റ്റോളുകളാണ്  ഇൻഡോർ സ്റ്റേഡിയത്തിന് സമീപമുള്ള ബാസ്ക്കറ്റ് ബോൾ കോർട്ടിൽ പ്രവർത്തിക്കുന്നത്. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തനം.

date