Skip to main content

മനുഷ്യൻ എന്തെന്ന് ചോദിച്ച് ഫൗൾ പ്ലേ : ഓപ്പറ ഒരുക്കി ഹീറോ ബ്യൂട്ടി

ആദ്യ ദിനത്തിലെ രണ്ട് നാടകങ്ങളുടെ പുനരവതരണത്തിലൂടെയാണ് ഇറ്റ്ഫോക്ക് രണ്ടാംദിനം അരങ്ങുണർന്നത്. ബ്ലാക്ക് ബോക്സിൽ നിറഞ്ഞ സദസിൽ 'നിലവിളികൾ, മർമ്മരങ്ങൾ, ആക്രോശങ്ങൾ' അരങ്ങേറി. ആക്ടർ മുരളി തീയേറ്ററിൽ രണ്ടാം ദിനത്തിലും കാണികളെ കയ്യടക്കി അന്താരാഷ്ട്ര നാടകം 'സാംസൺ' അരങ്ങിലെത്തി.

കെ.ടി മുഹമ്മദ്‌ തീയേറ്ററിൽ സമകാലിക ഇന്ത്യനവസ്ഥയിൽ മനുഷ്യൻ എന്ത്? എന്ന ചോദ്യം ഉന്നയിക്കുന്ന ബീഹാറി നാടകമായ റൺധിർ കുമാർ സംവിധാനം ചെയ്ത  ഫൗൾ പ്ലേ എത്തി. മതത്തിൻ്റെ ദേശം രൂപപ്പെടുത്തുമ്പോൾ മറ്റു മതസ്ഥർ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളുടെ രംഗാവതരണമാണ് നാടകം. ബീഹാറിൽ നിന്നുള്ള നിലവിളി മാത്രമല്ല. മറിച്ച് ഇന്ത്യയിലും ലോകത്ത് എവിടെയും ഇങ്ങനെ സംഭവിക്കാം അതിനെ പ്രശനവത്ക്കരിക്കുകയാണ് ഫൗൾ പ്ലേയിൽ. വഞ്ചന പലവിധത്തിൽ കടന്നു വരാം. അത് തിയേറ്ററിക്കൽ സങ്കേതങ്ങളിലൂടെ അവതരിപ്പിക്കുന്നു. വാണിഭങ്ങളായും വിവിധ കളികളായും അത് മാറുന്നു. അടിസ്ഥാനപരമായി മനുഷ്യരെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. റിപ്പോർട്ടാഷ് രീതിയിൽ അവതരിപ്പിക്കുന്ന നാടകം അതിശക്തമായി സമകാലിക സംഭവങ്ങളെ വിമർശിക്കുന്നു. അലിഗറിയുടെ ടോണുള്ള നാടകം നമ്മൾ അനുഭവിക്കുന്ന ദുരന്തത്തെ പുറത്തെടുക്കുന്നു.

പവിലയൻ ഗ്രൗണ്ടിൽ രാത്രി കുട്ടികളുടെ തായ്‌വാൻ ഓപ്പറ 'ഹീറോ ബ്യൂട്ടി' അരങ്ങിൽ വന്നു. സംഗീതം, നാടകം, ആയോധന കലകൾ, നൃത്തം, പരമ്പരാഗത കലാരൂപങ്ങൾ എന്നിവയുടെ വ്യത്യസ്തമായ മിശ്രിതം തായ്‌വാനീസ് ഓപ്പറയുടെ മുഖമുദ്രയാണ്. ഹീറോ ബ്യൂട്ടി ഓപ്പറയിൽ രണ്ട് ഭാഗങ്ങളുണ്ട്. ആദ്യ ഭാഗത്തു "ലവ്ബേർഡ്സ് സ്പിയേഴ്സിൽ" തായ്‌വാനികളുടെ സൗന്ദര്യവും ദയയും അനുഭവിക്കാൻ  റൊമാന്റിക് കോമഡിയാണ് അവതരിപ്പിക്കുന്നത്. സ്ത്രീകളെ  അവതരിപ്പിക്കുന്ന പുരുഷന്മാർ, പുരുഷന്മാരെ അവതരിപ്പിക്കുന്ന സ്ത്രീകൾ എന്നിവയുൾപ്പെടെ തായ് വാനീസ്  പ്രവിശ്യയിലെ നിരവധി കഥാപാത്രങ്ങൾ ഇതിലുണ്ട്. ഓപ്പറയിലെ  പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് സ്ത്രീ-പുരുഷൻമാർ പരസ്പരം മാറിയുള്ള അഭിനയം.  "ലവ്ബേർഡ്സ് സ്പിയേഴ്സി"ലെ പ്രധാന  ഭാഗങ്ങളാണ്.

രണ്ടാമത്തെ നാടകം, "ജനറൽ ഓഫ് ദി എംപയർ" തായ് വാനീസ് പരമ്പരാഗത ആയോധനകലകളുടെ ഒരു യുദ്ധ നാടകമാണ്. മിംഗ് ഹ്വാ യുവാൻ പ്രത്യേകം രൂപകല്പന ചെയ്ത കോണിപ്പടി പോലുള്ള ആയുധങ്ങൾ ഇതിൽ കാണാൻ കഴിയും. പടവുകൾ സാധാരണ കയറാൻ ഉപയോഗിച്ചിരുന്ന ഗോവണികൾ ശത്രുക്കളെ തോൽപ്പിക്കാനുള്ള ആയുധങ്ങളായി ഇവിടെ ഉപയോഗിക്കുന്നു.

പരമ്പരാഗത തായ് വാൻ പൈതൃകവും ആധുനിക സാങ്കേതികവിദ്യയും ഇടകലർത്തി അവതരിപ്പിക്കുന്ന നാടക കമ്പനിയാണ് ഹീറോ ബ്യൂട്ടി രംഗത്ത് കൊണ്ട് വന്ന മിംഗ്ഹ്വായുവാൻ.

date