Skip to main content

അതിർവരമ്പുകളില്ല: ജനകീയം വിശ്വനാടക വേദി

പല ദേശങ്ങളും പല മനുഷ്യരും "ഒന്നിക്കണം മാനവികത" എന്ന പ്രമേയത്തിൽ ഒത്തുച്ചേർന്നപ്പോൾ അത് മാനവികതയുടെ വിളംബരം കൂടിയായി. അന്താരാഷ്ട്ര നാടകോത്സവം ഏഴ് ദിനം പിന്നിടുമ്പോൾ അതിന്റെ ജനപ്രിയത അതിശയിപ്പിക്കുന്നതാണ്. മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി നാടകങ്ങൾ കാണാനും ചർച്ചകളുടെ ഭാഗമാകാനും നിരവധി പേരാണ് ഇറ്റ്ഫോക്ക് വേദി പരിസരത്ത് ഒത്തുക്കൂടുന്നത്.

രാവിലെ മുതൽ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ കാണുന്ന നീണ്ട നിരയും വിശ്വനാടകവേദിയെ ജനകീയമാക്കിയതിന്റെ തെളിവാണ്. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് പോലും നാടകം കാണാൻ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. സ്പോട്ട് ടിക്കറ്റിംഗ് ഉള്ളതിനാൽ നാടകത്തിന്റെ വിവിധ ഷോകൾ കാണാൻ വലിയ തിരക്കാണ് ഓരോ ദിവസവും അനുഭവപ്പെടുന്നത്. ആവർത്തിച്ചുള്ള പ്രദർശനങ്ങൾ ഉള്ളതിനാൽ ഒരു ദിവസം ടിക്കറ്റ് കിട്ടിയില്ലെങ്കിലും അടുത്ത ദിവസം കാണാൻ സാധിക്കുന്നുണ്ടെന്നത് കാണികൾക്കും ആശ്വാസമാണ്.

ഭാഷയുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് നാടകമെന്നതിനെ നെഞ്ചോട് ചേർക്കുകയാണ് ഓരോ നാടക പ്രേമികളും. പരസ്പരം പരിചയമില്ലെങ്കിലും തലേദിവസം കണ്ട നാടകത്തിനെ പറ്റിയുള്ള ചർച്ചകളും വേദികളുടെ പരിസരത്ത് സജീവമാണ്. കാണികൾ വർധിക്കുന്നത് സന്തോഷം നൽകുന്നതാണെന്നും ഇറ്റ്ഫോക്കിന്റെ ജനപ്രിയത വരും വർഷങ്ങളിലേയ്ക്കുള്ള ഊർജ്ജം പകരുന്നതാണെന്നും സംഘാടകർ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ഇറ്റ്ഫോക്കിലെത്തിയ സാംസൺ, ഹീറോ ബ്യൂട്ടി, ആർട്ടിക്, തേഡ് റീഹ്, ഫോർ ദ റെക്കോർഡ്, ആന്റിഗണി, ഫ്ലയിംഗ് ചാരിയറ്റ്, ദി ടെമ്പസ്റ്റ് പ്രൊജക്ട്, പി തോഡൈ തുടങ്ങി നാടകങ്ങൾക്ക് വലിയ തിരക്കാണ്  ഉണ്ടായത്. ഇറ്റ്ഫോക്ക് ആരംഭിക്കുന്നതിന്  മുൻപ് തന്നെ ഓൺലൈൻ ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞതും നാടകദിനങ്ങളുടെ വരവറിയിച്ചിരുന്നു.

date