Skip to main content

കല സംസാരിക്കുന്നത് മാനവീയ ഐക്യത്തെ കുറിച്ച്: സച്ചിദാനന്ദൻ

കല മാനവീയ ഐക്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദൻ. 'കല കലാകാരൻ കാലനിർമാണം മാനവീകത' എന്ന വിഷയത്തിൽ ആർട്ടിസ്റ്റ് സീനിക് ഗ്യാലറിയിൽ നടന്ന പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനാഥരോടും അഭയാർത്ഥികളോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും ഐക്യം പ്രഖ്യാപിക്കലാണ് ഏത് കലയും ചെയ്യുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് പോലുള്ള മഹാമാരി കാലത്ത് കലയിൽ നടക്കുന്നത് പോലുള്ള ഒന്നിക്കൽ നമുക്ക് കാണാൻ കഴിഞ്ഞു. ക്രൂരതകളെ ഒഴിവാക്കി മാനവികത അഭിമുഖീകരിക്കുകയായിരുന്നു ഇക്കാലത്ത്. പ്രകൃതിക്കും മാനവികതയ്ക്കുമായി നമ്മുടെ കലാകാരന്മാരും സാഹിത്യകാരന്മാരും പ്രവർത്തിച്ചതിന് നിരവധി ഉദാഹരണങ്ങൾ കാണാൻ കഴിയും. ബഷീർ, ഒ വി വിജയൻ പോലുള്ള സാഹിത്യകാരന്മാരും വിദേശ സാഹിത്യകാരന്മാരും മാനവികതക്കാണ് മുൻതൂക്കം നൽകിയത്. ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് കലാകാരന്മാർ അവരുടെ മാനവീകത നിലനിർത്തിയത്. ഇറ്റഫോക്കിലെ കലാസൃഷ്ടികളിലും ഈ രീതിയിലുള്ള മാനവീകതയുടെ ഐക്യപ്പെടൽ കാണാം. സാംസൺ, ആന്റിഗണി, ടെമ്പസ്റ്റ്, ടോൾഡ് ബൈ മൈ മദർ  ഇവയിൽ എല്ലാം അധികാരത്തിന്റെ വിവിധ ഭാവങ്ങളെ ചോദ്യം ചെയ്തു മാനവീകത ഉയർത്തി പിടിക്കുന്നത് നമുക്ക് കാണാനായെന്ന് അദ്ദേഹം പറഞ്ഞു.

ഈ കാലയളവിൽ കലാകാരന്മാർക്ക് സത്യം എന്തെന്ന് പരിശോധിക്കേണ്ടി വന്നിരിക്കുന്നു, സത്യം പറയുക ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. എന്നാൽ കലാകാരന്മാരുടെ കടമ സത്യം വിളിച്ചു പറയലാണ്. ഫാസിസത്തിന്റെ കാലത്ത് നമ്മുടെ സ്വാതന്ത്ര്യം ഹനിക്കുകയാണ് എന്ന് അദ്ദേഹം കൂട്ടിചേർത്തു. നമ്മൾ ഇപ്പോഴും രാഷ്ട്രീയം പറയാൻ മടിക്കുകയും എന്നാൽ നമ്മുടെ ഉള്ളിൽ തന്നെ അതുണ്ടെന്ന കാര്യം മറക്കുകയും ചെയ്യുന്നു. ജാതി ഇല്ലെന്ന് പറയുകയും എന്നാൽ ജാതി നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. മതതീവ്രവാദം ജനാധിപത്യത്തെ നശിപ്പിക്കുന്ന ഒന്നാണ്. ഇടുങ്ങിയ ദേശീയത ജനാധിപത്യത്തിന്റെ ശത്രുവാണെന്നും പ്രഭാഷണത്തിൽ സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു

date