Skip to main content

സംസ്ഥാന ക്ഷീരകര്‍ഷക സംഗമം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ഇന്ന് (തിങ്കള്‍) രാവിലെ 10 മണിക്ക് മണ്ണുത്തി വെറ്ററിനറി കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ക്ഷീരകര്‍ഷക അവാര്‍ഡ് വിതരണവും ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരം ലഭിച്ച ക്ഷീരവികസന വകുപ്പ് ഐടി വിഭാഗത്തിനുള്ള ആദരവും മുഖ്യമന്ത്രി നിര്‍വഹിക്കും. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ റവന്യു മന്ത്രി കെ രാജന്‍ സ്വാഗതം ആശംസിക്കും.

മികച്ച ക്ഷീര കര്‍ഷകര്‍ക്കുള്ള ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് വിതരണം പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും.  മലബാര്‍ മേഖലാ ക്ഷീരസഹകാരി അവാര്‍ഡ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവും എറണാകുളം മേഖലാ അവാര്‍ഡ് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദും തിരുവനന്തപുരം മേഖലാ അവാര്‍ഡ് വൈദ്യുതി വകുപ്പ്് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും വിതരണം ചെയ്യും. മാധ്യമ അവാര്‍ഡ് വിതരണം മേയര്‍ എം കെ വര്‍ഗീസ് നിര്‍വഹിക്കും. രാവിലെ 8.30 ഒല്ലൂക്കര സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന വര്‍ണാഭമായ സാംസ്‌ക്കാരിക ഘോഷയാത്രയോടെയാണ്  ചടങ്ങുകള്‍ക്ക് തുടക്കമാവുക.

ഉച്ചയ്ക്ക് 1.30ന് നടക്കുന്ന പുരോഗമനോന്മുഖ കാര്‍ഷിക സെമിനാര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് നടക്കുന്ന കലാസന്ധ്യ മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ തദ്ദേശ സ്വയം വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ക്ഷീരവികസന വകുപ്പ് ജീവനക്കാര്‍ ഒരുക്കുന്ന കലാവിരുന്ന് അരങ്ങേറും.

date