Skip to main content

യുകെയിൽ നിന്നുള്ള ആരോഗ്യ സംഘം മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി

*കേരളത്തിന്റെ ആരോഗ്യ മേഖലയെ പ്രശംസിച്ച് യുകെ സംഘം

യുകെയിൽ നിന്നുള്ള ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിലേയും വെസ്റ്റ് യോർക്ക്ഷയർ എൻ.എച്ച്.എസ്. ട്രസ്റ്റിലേയും ആരോഗ്യ സംഘം ആരോഗ്യ മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാർ അടുത്തിടെ യുകെ സന്ദർശിച്ചിരുന്നു. കേരളത്തിലെ മെഡിക്കൽ, നഴ്‌സിംഗ് മേഖലയെപ്പറ്റിയും മാനസികാരോഗ്യ രംഗത്തെപ്പറ്റിയും കൂടുതലറിയുന്നതിനായാണ് സംഘം കേരളത്തിലെത്തിയത്.

കേരളത്തിന്റെ ആരോഗ്യ മേഖലയെ സംഘാംഗങ്ങൾ പ്രശംസിച്ചു. ധാരാളം നഴ്സുമാർ യുകെയിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. അവരുടെ ചികിത്സയും പരിചരണവും ലോകോത്തരമാണ്. യുകെയിലെ വിദ്യാർത്ഥികൾക്ക് ഇവിടെ പഠിക്കാനും ഇവിടത്തെ വിദ്യാർത്ഥികൾക്ക് യുകെയിൽ പഠിക്കാനുമുള്ള സാധ്യതയാരാഞ്ഞു. ഇനിയും കൂടുതൽ ആരോഗ്യ പ്രവർത്തകരെ ആവശ്യമാണ്. എല്ലാവിധ പിന്തുണയും മന്ത്രി സംഘത്തിന് നൽകി. യുകെ സംഘം തിരുവനന്തപുരം നഴ്സിംഗ് കോളേജ് സന്ദർശിച്ചു. മെഡിക്കൽ കോളേജും സന്ദർശിക്കും.

വെസ്റ്റ് യോർക്ക്ഷയർ ഇന്റഗ്രേറ്റഡ് കെയർ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് റോബ് വെബ്സ്റ്റർ, നഴ്സിംഗ് ഡയറക്ടർ ബെവർലി ഗിയറി, അസോസിയേറ്റ് ഡയറക്ടർ ഓഫ് വർക്ക്ഫോഴ്സ് ജോനാഥൻ ബ്രൗൺ, ഇംഗ്ലണ്ട് എൻഎച്ച്എസ് ഹെൽത്ത് എഡ്യൂക്കേഷൻ ഗ്ലോബൽ ഹെൽത്ത് പാർട്ണർഷിപ്പ് ഡയറക്ടർ പ്രൊഫ. ഗെഡ് ബൈർണ്, ഗ്ലോബൽ ഹെൽത്ത് പാർട്ണർഷിപ്പ് ഡെപ്യൂട്ടി ഡയറക്ടർ റേച്ചൽ മോനാഗൻ തുടങ്ങിയവർ പങ്കെടുത്തു. ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ, മാനേജിംഗ് ഡയറക്ടർ കെ.എ. അനൂപ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

        പി.എൻ.എക്സ്. 816/2023

 

date