Skip to main content

മഹാരാജാസ് കോളേജില്‍ ചരിത്ര പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു

    ശാസ്ത്ര ചരിത്രകാരന്‍ പ്രൊഫ.ഇക്ബാല്‍ ഘാനി ഖാന്റെ (ഐ.ജി ഖാന്‍) 20-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം ചരിത്ര പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. ആധുനികതയ്ക്ക് മുമ്പുള്ള യുക്തിയും ശാസ്ത്രവും ഇന്ത്യയില്‍ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണ പരമ്പര ചരിത്രകാരന്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് ഉദ്ഘാടനം ചെയ്തു. 

    ശാസ്ത്രത്തിന്റെയും യുക്തിയുടെയും പൂര്‍വ്വചരിത്രം അശോകന്റെ ധമ്മയില്‍ കണ്ടെത്താന്‍ കഴിയുമെന്നും സംസ്‌കൃതത്തില്‍, ഗണിത ശാസ്ത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും ചില നിയമസൂചകള്‍ ഉണ്ടായിരുന്നാലും യഥാര്‍ത്ഥ ശാസ്ത്രവും ഗണിതവും എന്ന് പറയാന്‍ സാധിക്കുന്നവ ഇന്ത്യയില്‍ ആരംഭിക്കുന്നത് ഗ്രീസിന് ശേഷമാണെന്ന് പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും ഇന്ത്യയിലെ വളര്‍ച്ച അല്‍ ബെറുനിയുടെയും പേര്‍ഷ്യന്‍ സാഹിത്യത്തിന്റെയും വെളിച്ചത്തില്‍ അദ്ദേഹം വിലയിരുത്തി. അക്ബറിന്റെ സഭയ്ക്ക് യുക്തിയോടുള്ള താല്പര്യവും ഭാരതീയ കൃതികളുടെ വിവര്‍ത്തനം എന്നിവ എങ്ങനെയാണ് പുതിയ ഒരു സാമൂഹിക വീക്ഷണത്തിനു കാരണമായത് എന്നും അദ്ദേഹം വിവരിച്ചു. സങ്കുചിതമായ ചിന്തകളാല്‍ സാമൂഹിക വളര്‍ച്ചയുണ്ടാകില്ല. ഇന്ത്യ ഇപ്പോള്‍ യുക്തി പോരാട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ ഐ.ജി. ഖാന്റെ അകാലമരണം തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. 

    ഡോ. വിനോദ് കുമാര്‍ കല്ലോലിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചരിത്ര വിഭാഗം മേധാവി ഡോ.കെ.എ ഷീബ, അസിസ്റ്റന്റ് പ്രൊഫ. എ.എം സര്‍ ഷിനാസ്, ചരിത്ര ഗവേഷക അഞ്ജന മേനോന്‍ എന്നിവര്‍ സംസാരിച്ചു.

date