Skip to main content
കോട്ടപ്പടി അയ്യന്‍കാളി ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്പീക്കര്‍ എ എൻ ഷംസീര്‍  ഉദ്ഘാടനം ചെയ്യുന്നു

കുട്ടികളിൽ മാനവിക മൂല്യങ്ങൾ വളർത്തണം: സ്പീക്കർ എ എൻ ഷംസീർ

മതസൗഹാർദ്രത്തിന്റെ മാനവികത മൂല്യങ്ങൾ  കുട്ടികളിൽ വളർത്തണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ഗുരുവായൂർ നഗരസഭയുടെ കോട്ടപ്പടി അയ്യങ്കാളി ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. എല്ലാ മതങ്ങളും മനുഷ്യനെ സ്നേഹിക്കാനാണ് പഠിപ്പിക്കുന്നത്. സെക്യുലറിസത്തിന്റെ പ്രാധാന്യം കുട്ടികൾ അറിയണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ തയ്യാറാക്കിയ പാർക്കിന് സമീപം ചെറിയ വായനശാല കൂടി ഒരുക്കി അവർക്ക് വായനയുടെ ലോകം സമ്മാനിക്കണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. നാടിന്റെ പൊതുവികസനത്തിന് രാഷ്ട്രീയാഭിപ്രായ വ്യത്യാസമില്ലാതെ എല്ലാവരും യോജിച്ച് പ്രവർത്തിക്കണം. നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളാകണം. മെയിന്റനൻസ് നടത്തുന്നതിനായി നഗരസഭ വെയ്ക്കുന്ന ഉപാധികളോട് ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുരുവായൂർ നഗരസഭ ഒരുക്കുന്ന അഞ്ചാമത്തെ പാർക്കാണ് കോട്ടപ്പടി അയ്യങ്കാളി ചിൽഡ്രൻസ് പാർക്ക്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് 28 സെന്റ് സ്ഥലത്താണ് മനോഹരമായ പാർക്ക് തയ്യാറാക്കിയത്.

ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, സ്ഥിരംസമിതി അധ്യക്ഷൻമാരായ എ എം ഷെഫീർ, ഷൈലജ സുധൻ, എ എസ് മനോജ്, ബിന്ദു അജിത് കുമാർ, എ സായിനാഥൻ, വാർഡ് കൗൺസിലർ പി ടി ദിനിൽ, കൗൺസിലർ കെ പി ഉദയൻ, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ടി ശിവദാസൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഇ ലീല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളൻ, ചാക്യാർ കൂത്ത് എന്നിവയിൽ എ ഗ്രേഡ് നേടിയ പി ഗണേഷ്, തമിഴ് കവിതാരചനയിൽ അസ്ന, കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കൈലാസ് പി റോഷൻ, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ഷബ്ന തുടങ്ങിയവർക്ക് സ്പീക്കർ ഉപഹാരം  നൽകി. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വാഗതവും സെക്രട്ടറി ബീന എസ് കുമാർ നന്ദിയും പറഞ്ഞു.

date