Skip to main content

സ്വരാജ് ട്രോഫി പുരസ്കാരം: വടക്കാഞ്ചേരി നഗരസഭയ്ക്കും കൊടകര ബ്ലോക്കിനും പുരസ്‌കാരം

കേരള സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരം തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭയ്ക്കും കൊടകര ബ്ലോക്ക് പഞ്ചായത്തിനും. സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമാണ് കൊടകര ബ്ലോക്കിനും വടക്കാഞ്ചേരി നഗരസഭയ്ക്കും ലഭിച്ചത്. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന്റെ മികവിനുള്ള മഹാത്മ അയ്യങ്കാളി പുരസ്കാരത്തിൽ ഒന്നാംസ്ഥാനവും വടക്കാഞ്ചേരി നഗരസഭ കരസ്ഥമാക്കി.

അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചത് വടക്കാഞ്ചേരി നഗരസഭയാണ്. 1,17,620 തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. ലേബര്‍ ബഡ്ജറ്റ് പ്രകാരമുള്ള തൊഴില്‍ദിനങ്ങളില്‍ 51 ശതമാനം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. സംസ്ഥാനത്ത് അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചതും നഗരസഭയാണ്. ആകെ ചിലവഴിച്ചത് 3,46,01,105 രൂപയാണ്

2021-22 ഉത്പാദന സേവന പശ്ചാത്തല മേഖലകളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് കൊടകര ബ്ലോക്കിന് പുരസ്കാരം ലഭിച്ചത്. പട്ടികജാതി - പട്ടികവർഗ്ഗ മേഖലയിൽ 100 ശതമാനം പ്രവർത്തനങ്ങൾ കാഴ്ചവെച്ചതും കൃഷി അനുബന്ധ മേഖലയിൽ വ്യത്യസ്തവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതും ക്ഷീര മേഖലയിൽ ഉത്പാദനം വർദ്ധിപ്പിച്ചതും പ്രാദേശിക സാമ്പത്തിക വികസനത്തിലൂടെ പുതിയ വനിതാ സംരംഭകരെ കണ്ടെത്തി ധനസഹായം നൽകിയതും പുരസ്‌കാരത്തിന് പരിഗണിച്ചു. ഷീ വർക്ക് സ്പേസ് എന്ന നൂതനവും മാതൃകാപരവുമായ പദ്ധതി, ബ്ലോക്ക് പഞ്ചായത്തും ഘടകസ്ഥാപനങ്ങളും നേടിയ ഐ എസ് ഒ സർട്ടിഫിക്കേഷൻ, ജെൻഡർ ബഡ്ജറ്റ്, മികവുറ്റ ഇ-ഓഫീസ് പ്രവർത്തനം, ആരോഗ്യരംഗത്ത് കാര്യക്ഷമമായ ആതുരസേവനം, ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങളിലെ മികവ്, ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതികളിലെ ശ്രദ്ധ, പട്ടികവർഗ കോളനികളിൽ ആവിഷ്കരിച്ച കുടിവെള്ള പദ്ധതികൾ തുടങ്ങിയവയും പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്. കുട്ടികളുടെയും വയോജന-പാലിയേറ്റീവ്- ഭിന്നശേഷി രംഗത്തെയും ഭാവനാപൂർണ്ണമായ പ്രവർത്തനങ്ങളും അവാർഡിന് പരിഗണിച്ചു.

date