Skip to main content

ഒല്ലൂര്‍ മണ്ഡലത്തില്‍ എംഎല്‍എ ബുക്ക് ബാങ്ക് പദ്ധതിക്ക് തുടക്കമായി

ലൈബ്രറികള്‍ക്കുള്ള പുസ്തകങ്ങള്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ വിതരണം ചെയ്തു

എല്ലാ സ്‌കൂള്‍ ലൈബ്രറികള്‍ക്കും മികച്ച പുസ്തകങ്ങള്‍ സമാഹരിച്ച് വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഒല്ലൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന എംഎല്‍എ ബുക്ക് ബാങ്ക് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനവും മണ്ഡലത്തിലെ വായനശാലകള്‍ക്കുള്ള പുസ്തക വിതരണവും സ്പീക്കര്‍ എ എന്‍ ശംസീര്‍ നിര്‍വഹിച്ചു. എംഎല്‍എ ബുക്ക് ബാങ്കിലേക്കുള്ള ആദ്യ പുസ്തകങ്ങള്‍ എഴുത്തുകാരന്‍ ടി ഡി രാമകൃഷനില്‍ നിന്ന് സ്പീക്കര്‍ ഏറ്റുവാങ്ങി. താന്‍ എഴുതിയ പുസ്തകങ്ങളാണ് അദ്ദേഹം ബുക്ക് ബാങ്കിലേക്ക് സംഭാവന നല്‍കിയത്.

വായനയുടെ ജനാധിപത്യവല്‍ക്കരണം സാധ്യമാവുന്നത് ലൈബ്രറികളിലൂടെയാണെന്നും അവ പൂര്‍വാധികം ശക്തിപ്പെടുത്തേണ്ട കാലമാണിതെന്നും സ്പീക്കര്‍ എ എന്‍ ശംസീര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അഭിപ്രായപ്പെട്ടു. കാലത്തിനനുസരിച്ച് വായനശാലകളും അവയിലെ പുസ്തകങ്ങളും അപ്‌ഡേറ്റ് ചെയ്യപ്പെടണം. വായിക്കുന്നതിനു പകരം എല്ലാം ഗൂഗിളില്‍ തെരഞ്ഞാല്‍ മതിയെന്ന ധാരണ സമൂഹത്തില്‍ ചിലര്‍ക്കെങ്കിലുമുണ്ട്. എന്നാല്‍ വ്യക്തികളില്‍ നല്ല ഉള്ളടക്കമുണ്ടാവണമെങ്കില്‍ നന്നായി വായിക്കുക തന്നെ വേണം. ഭരണഘടന പോലും വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് നേരത്തേ സാക്ഷരതാ പ്രസ്ഥാനത്തെ നെഞ്ചേറ്റിയതു പോലെ ഭരണഘടനാ സാക്ഷരതയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഗ്രന്ഥശാലാ പ്രസ്ഥാനം രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ലൈബ്രറികള്‍ പരിപോഷിപ്പിക്കുന്നതിനായി ഒല്ലൂര്‍ മണ്ഡലത്തില്‍ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ആരംഭിച്ച എംഎല്‍എ ബുക്ക് ബാങ്ക് പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് സാമൂഹ്യ അനാചാരണങ്ങളിലൂടെ ഭ്രാന്താലയമെന്ന് വിളിക്കപ്പെട്ട കേരളം പിന്നീട് ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കപ്പെടുന്ന രീതിയില്‍ നവോത്ഥാനത്തിലേക്ക് വളര്‍ന്നതിനു പിന്നില്‍ ലൈബ്രറികളും പുസ്തകങ്ങളും വലിയ പങ്കാണ് വഹിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. മക്കളെ ആരാക്കണമെന്ന ചോദ്യത്തിന് അവരെ നല്ല മനുഷ്യരാക്കണമെന്ന മറുപടിയാണ് സമൂഹത്തില്‍ നിന്ന് ഉയരേണ്ടത്. മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും മികച്ച പുസ്തകങ്ങളടങ്ങിയ ലൈബ്രറികള്‍ ഒരുക്കുന്നതിനായി എംഎല്‍എ ബുക്ക് ബാങ്ക് പദ്ധതി വിജയിപ്പിക്കുന്നതിന് വിപുലമായ കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സാങ്കേതികവിദ്യ വായനയുടെ പുതിയ സങ്കേതങ്ങള്‍ തുറന്നിടുന്നുണ്ടെങ്കിലും വായനയില്‍ നിന്ന് മനുഷ്യനെ അകറ്റുന്നുവെന്ന അപകടം കൂടി അതില്‍ പതിയിരിപ്പുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ടി ഡി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ വായനയിലേക്ക് നയിക്കാനുതകുന്ന മികച്ച പദ്ധതിയാണ് മണ്ഡലത്തില്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരള നിയമ സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നിന്ന് എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 90 വീതം പുസ്തകങ്ങളാണ് മണ്ഡലത്തിലെ 30 വായനശാലകള്‍ക്കായി ചടങ്ങില്‍ വിതരണം ചെയ്തത്. 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഗ്രന്ഥശാലാ പ്രവര്‍ത്തകരായ ജെ പാപ്പച്ചന്‍ മാസ്റ്റര്‍, എം എന്‍ ദാസമണി, ഇ മോഹനന്‍, എ ആര്‍ രാമന്‍ എന്നിവരെ ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ആദരിച്ചു. അഹമ്മദാബാദില്‍ നടന്ന മുപ്പതാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട 660 പ്രൊജക്ടുകളില്‍ മികച്ച 16ല്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രൊജക്ട് തയ്യാറാക്കിയ പട്ടിക്കാട് ഗവ. ഹൈസ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥികളായ അദ്വൈത് സി അലക്‌സ്, ഒ എ മുഹമ്മദ് അര്‍ഫദ് എന്നിവരെയും അവരുടെ അധ്യാപിക എം രേണുകയെയും ചടങ്ങില്‍ ആദരിച്ചു.

പട്ടിക്കാട് ഗവ. എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, പാണഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ ഇ ടി ജലജന്‍, സുബൈദ അബൂബക്കര്‍, കെ വി അനിത, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ രമ്യ രാജേഷ്, കെ കെ രമേഷ്, പഞ്ചായത്ത് അംഗം ആനി ജോയ്, പാര്‍ട്ടി പ്രതിനിധികളായ മാത്യു നൈനാന്‍, സനില്‍ വാണിയമ്പാറ, കെ പി ചാക്കോച്ചന്‍, രാജു പാറപ്പുറം, ജോസ് കുട്ടി പീച്ചി, എ വി കുര്യന്‍, നൗഷാദ്, കെ ജി ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

date