Skip to main content

കുടിവെള്ളക്ഷാമം:കുടിവെള്ള ടാങ്കറുകളുടെ ലഭ്യത ഉറപ്പാക്കാൻ നടപടി*

*കുടിവെള്ളക്ഷാമം:കുടിവെള്ള ടാങ്കറുകളുടെ ലഭ്യത ഉറപ്പാക്കാൻ നടപടി*

 

വാട്ടർ അതോറിറ്റിയുടെ പമ്പ് തകരാറിലായതിനെ തുടർന്ന് കൊച്ചി കോർപ്പറേഷൻ, മരട് നഗരസഭ, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടാൻ കുടിവെള്ള ടാങ്കറുകളുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗം ചേർന്നു. ചെറുതും വലുതുമായ കൂടുതൽ കുടിവെള്ള ടാങ്കറുകൾ ഏർപ്പെടുത്തും. പ്രതിസന്ധി ഘട്ടം തരണം ചെയ്യുന്നത് വരെ മരട്, ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി എന്നിവിടങ്ങളിലെ വാട്ടർ അതോറിറ്റിയുടെ വെൻഡിംഗ് പോയിന്റുകളിൽ നിന്ന് ശേഖരിക്കുന്ന കുടിവെള്ളം മരട്, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം എന്നിവിടങ്ങളിലേക്ക് മാത്രമാകും വിതരണം ചെയ്യുക. മറ്റു പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിന് വെള്ളമെടുക്കുന്ന വലിയ ടാങ്കറുകൾ ആലുവയിലെ വെൻഡിംഗ് പോയിന്റുകളിൽ നിന്ന് വെള്ളമെടുക്കണം.

 

കുടിവെള്ള വിതരണത്തിനുള്ള മറ്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം മുവാറ്റുപുഴ ആർഡിഒ പി.എൻ. അനി അറ്റകുറ്റപ്പണി നടക്കുന്ന വാട്ടർ അതോറിറ്റിയുടെ പാഴൂർ പമ്പ് ഹൗസ് സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

 

വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ കേന്ദ്രങ്ങളില്‍ നിന്ന് ടാങ്കറുകൾക്ക് സൗജന്യമായി കുടിവെള്ളം നൽകാൻ നേരത്തേ തീരുമാനിച്ചിരുന്നു. 

 

ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസിൽ ചേർന്ന യോഗത്തിൽ കുടിവെള്ള ടാങ്കർ ഉടമ അസോസിയേഷൻ പ്രതിനിധികൾ, ദുരന്ത നിവാരണം, ആർടിഒ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, കൊച്ചി - കണയന്നൂർ താലൂക്ക് തഹസിൽദാർമാർ, വാട്ടർ അതോറിറ്റി, പഞ്ചായത്ത്, കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥർ പങ്കെടുത്തു.

date