Skip to main content

സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം 19 ന്

റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ചേലക്കര നിയോജകമണ്ഡലത്തിലെ കൊണ്ടാഴി - മായന്നൂർ, കണിയാർക്കോട്‌ - പാമ്പാടി ഗ്രൂപ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 19 ഞായറാഴ്ച രാവിലെ 11 മണിക്കും ഉച്ചക്ക് 12 മണിക്കുമായി റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. മന്ത്രി കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലത്തൂർ എംപി രമ്യ ഹരിദാസ് മുഖ്യാതിഥിയാകും.

കൊണ്ടാഴി - മായന്നൂർ ഗ്രൂപ്പ് സ്മാർട്ട് വില്ലേജ് ഓഫീസിൽ 1361 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടം വെയ്റ്റിംഗ് ഏരിയ, ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസ് റൂം,ഓഫീസ് റും, ഡൈനിങ് ഹാൾ, റെക്കോർഡ് റൂം മീറ്റിംഗ് ഹാൾ, ടോയ്ലറ്റ് ബ്ലോക്ക്, അംഗപരിമിതർക്കുള്ള ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഞായറാഴ്ച രാവിലെ 11 മണിക്ക്  കൊണ്ടാഴി വില്ലേജ് ഓഫീസ് അങ്കണത്തിൽ വെച്ചാണ് ഉദ്ഘാടനം.

കണിയാർക്കോട് - പാമ്പാടി ഗ്രൂപ്പ് സ്മാർട്ട് വില്ലേജ്  ഓഫീസ് 1350 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ വരാന്ത, ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസർ റൂം, ഡൈനിങ് ഹാൾ, റെക്കോർഡ് റൂം, ടോയ്ലറ്റ് ബ്ലോക്ക്, അംഗപരിമിതർക്കുള്ള ടോയ്ലറ്റ് ബ്ലോക്ക്, ബോർവെൽ തുടങ്ങിയ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഓരോ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെയും നിർമ്മാണത്തിനായി  44 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. സംസ്ഥാന നിർമ്മിതി കേന്ദ്രയാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. ഞായറാഴ്ച  ഉച്ചയ്ക്ക് 12 മണിക്ക് കണിയാർക്കോട് - പാമ്പാടി വില്ലേജ് ഓഫീസ് അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ  ഉദ്ഘാടനം നടക്കുന്നതാണ്.

ജില്ലാ കളക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവീസ് മാസ്റ്റർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അഷറഫ്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ശശിധരൻ മാസ്റ്റർ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പത്മജ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date