Skip to main content

മൈക്രോ ക്രെഡിറ്റ് വായ്പകള്‍ സമൂഹത്തിന്റെ ഉന്നമനത്തിന്  പ്രയോജനപ്പെടുത്തണം: മന്ത്രി കെ. രാധാകൃഷ്ണന്‍

    പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന മൈക്രോ ക്രെഡിറ്റ് വായ്പകള്‍ സമൂഹത്തിന്റെ ഉന്നമനത്തിനായികൂടി പ്രയോജനപ്പെടുത്തണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗം, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അതിദാരിദ്ര്യം പോലെ സമൂഹത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുവാന്‍ ഇത്തരം വായ്പകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഈസ്റ്റ് സിഡിഎസിലെ 38 കുടുംബശ്രീ സംഘങ്ങള്‍ക്ക് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ മൂന്നു കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

    
    കുടുംബശ്രീ യുണിറ്റുകള്‍ക്ക് ലഭിക്കുന്ന വായ്പകളിലൂടെ മികച്ച സംരംഭങ്ങള്‍ ആരംഭിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണം. കുടുംബശ്രീ യുണിറ്റുകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരങ്ങള്‍ ഉണ്ടാകണം. ഏറ്റവും വിശ്വാസ്യതയുള്ളതാണ് കുടുംബശ്രീ യുണിറ്റുകളെന്നും കുടുംബശ്രീ സംരംഭങ്ങള്‍ക്ക് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഭവന വായ്പാ വിതരണവും മന്ത്രി  നിര്‍വഹിച്ചു.

    തൃക്കാക്കര നഗരസഭ വൈസ്‌ചെയര്‍മാന്‍ എ.എ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ.കെ.പ്രസാദ്,  ഡയറക്ടര്‍ അഡ്വ. ഉദയന്‍ പൈനാക്കി, എറണാകുളം അസി. ജനറല്‍ മാനേജര്‍ പി.എന്‍ വേണുഗോപാല്‍, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സ്മിത സണ്ണി, സുനീറ ഫിറോസ്, ഉണ്ണി കാക്കനാട്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ ടി.എം റജീന, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ഷക്കീല ബാബു, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി എ.എം സജികുമാര്‍, സി.ഡി.എസ് ഉപസമിതി കണ്‍വീനര്‍മാരായ രാജേശ്വരി ജയദേവന്‍, രാജമ്മ കൃഷ്ണന്‍കുട്ടി, ഓമന അപ്പു, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സന്‍ രജിത ദിനേശ് തുടങ്ങിയവര്‍ സംസാരിച്ചു.

    സമൂഹത്തില്‍ സാമ്പത്തികമായി പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പറേഷന്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി. പദ്ധതി പ്രകാരം എന്‍ജിഒ /കുടുംബശ്രീ സി ഡി എസ് എന്നിവ വഴി വ്യക്തിഗത കരാറില്ലാതെ ഒരു ലക്ഷം രൂപ വരെ വായ്പയായി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നു.സ്ത്രീ സ്വാശ്രയത്വം, സംരംഭകത്വം, ശാക്തീകരണം എന്ന ലക്ഷ്യവുമായി കോര്‍പറേഷന്‍ നടപ്പിലാക്കി വരുന്ന മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തോട്ടാകെ കുടുംബശ്രീ സി ഡി എസുകള്‍ക്കുള്‍പ്പെടെ 713 കോടി രൂപ വായ്പ വിതരണം നടത്തി. ഒരു സി ഡി എസിന് വ്യവസ്ഥകള്‍ക്ക് വിധേയമായി 3 കോടി രൂപ വരെ വായ്പ നല്‍കുന്നു. വാര്‍ഷിക പലിശ നിരക്ക് 3 % മുതല്‍ 4%വരെ മാത്രം. തിരിച്ചടവ് കാലാവധി 36 മാസം.

    കേരളത്തിലെ 70  ഒ ബി സി, മത  ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നടത്തി വരുന്ന കോര്‍പറേഷന്‍ കുടുംബശ്രീ വായ്പകള്‍ക്ക് വരുമാന പരിധിയോ, സമുദായ പരിഗണന കണക്കിലെടുക്കുന്നില്ല. മറ്റു പൊതുമേഖല ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുന്ന എസ് സി കുടുംബശ്രീ യൂണിറ്റുകള്‍ക്കും ഹരിത കര്‍മസേന യൂണിറ്റുകള്‍ക്കും മൈക്രോ ക്രെഡിറ്റ് വായ്പ നല്‍കി വരുന്നു. കോര്‍പറേഷന്റെ  മൈക്രോ ക്രെഡിറ്റ് വായ്പയുടെ പ്രത്യേകത വായ്പ സി ഡി എസ് വഴി നല്‍കുന്നത് എന്നതാണ്. സി ഡി എസ് ഈ തുക അതാത് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അപേക്ഷ അനുസരിച്ചു വിതരണം ചെയ്യുന്നു. ഇതുവഴി സി ഡി എസിന് 1% പലിശ  പ്രവര്‍ത്തനലാഭം ലഭിക്കുന്നത് വഴി സി ഡി എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തനതു ഫണ്ട് സ്വരുകൂട്ടാന്‍ കഴിയുന്നത് വഴി സി ഡി എസുകള്‍ സാമ്പത്തികമായി ശക്തീകരിക്കപ്പെടുകയാണ്. 

    കുടുംബശ്രീ യൂണിറ്റുകള്‍ക്ക് എല്ലാ പൊതുമേഖല ബാങ്കുകളും ലിങ്കേജ് വായ്പ നല്‍കി വരുന്നുണ്ട്. ഈ രംഗത്ത് ബാങ്കുകള്‍ തമ്മില്‍ മത്സരം തന്നെയുണ്ട്. അവരുടെ പലിശയും സര്‍വീസ് ചാര്‍ജും കോര്‍പറേഷന്‍ നല്‍കുന്ന 3 കോടിക്ക് ഈടാക്കുന്ന സര്‍വീസ് ചാര്‍ജും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. 3 കോടി രൂപയ്ക്കു കോര്‍പറേഷന്‍ 5000 രൂപ മാത്രമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുള്ളു.

date