Skip to main content

ഐ ടി ഐ കളിൽ നൂതന കോഴ്സുകൾ ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കും: മന്ത്രി വി. ശിവൻ കുട്ടി

 

തിരഞ്ഞെടുക്കപ്പെട്ട ഐ ടി ഐ കളിൽ നൂതന കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻ കുട്ടി. മുവാറ്റുപുഴ ആരക്കുഴ ഗവ. ഐ ടി ഐ യുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

തുറമുഖ മേഖലയിൽ നിരവധി തൊഴിൽ ലഭിക്കാൻ ഉതകുന്ന എൻസിവിടിയുടെ മറൈൻ ഫിറ്റർ, വെസൽ നാവിഗേറ്റർ എന്നീ സിടിഎസ് കോഴ്സുകൾക്ക് പുറമേ ലോജിസ്റ്റിക് മേഖലയുമായി ബന്ധപ്പെട്ട നാഷണൽ ക്വാളിഫിക്കേഷൻ രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹ്രസ്വകാല കോഴ്സുകളും തിരഞ്ഞെടുക്കപ്പെട്ട ഐ ടി ഐ കളിൽ ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. നിർമ്മാണം പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖം വലിയ തൊഴിൽ സാധ്യത നൽകുന്നു. മറൈൻ മേഖലയുമായി ബന്ധപ്പെട്ട ട്രേഡുകൾ ഐ ടി ഐകളിൽ തുടങ്ങുന്നതിനാവശ്യമായ സാധ്യതാ പഠനം നടത്തും. 

സംസ്ഥാനത്തെ ഐ ടി ഐകൾ മാറ്റത്തിന്റെ പാതയിലാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണ്. ആധുനിക തൊഴിൽ കമ്പോളത്തിന് അനുസൃതമായി യുവതലമുറയെ വാർത്തെടുക്കണം. 

ഐ ടി ഐ വിദ്യാർഥികൾക്ക് പരിശീലന കാലത്ത് തന്നെ വ്യാവസായിക സ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനം ലഭിക്കുന്നതിന് 
നടപടി സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്തെ എല്ലാ ഐ ടി ഐ വിദ്യാർഥികൾക്കും പ്രതിവർഷം 150 മണിക്കൂർ പ്രായോഗിക പരിശീലനം ബന്ധപ്പെട്ട വ്യാവസായിക സ്ഥാപനങ്ങളിൽ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. നിലവിൽ 19 സർക്കാർ ഐ ടി ഐ കളിൽ വ്യാവസായിക സ്ഥാപനങ്ങളുമായി സഹകരിച്ച് ഓൺ ദ ജോബ് പരിശീലനം കഴിഞ്ഞ വർഷം മുതൽ നൽകി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എം എൽ എയുടെ അഭ്യർഥന പ്രകാരം ആരക്കുഴ ഗവ. ഐ ടി ഐയിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ മന്ത്രി അഡീഷണൽ ഡയറക്ടർക്ക് വാക്കാൽ നിർദേശം നൽകി. 3.72 ഏക്കർ സ്ഥലത്ത് പ്ലാൻ ഫണ്ടിൽ നിന്നുള്ള 6.81 കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. 

മാത്യു കുഴൽ നാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, മുൻ എം.എൽ.എമാരായ ബാബു പോൾ, ജോസഫ് വാഴക്കൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ പി. ശിവശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു.

date