Skip to main content

ഇരിങ്ങാലക്കുട-മുരിയാട്-വേളൂക്കര ശുദ്ധജല പദ്ധതിയ്ക്ക് നിർമ്മാണത്തുടക്കം വെള്ളിയാഴ്‌ച: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട നഗരസഭയെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളെയും കുടിവെള്ള സ്വയംപര്യാപ്തിയിലേക്ക് നയിക്കുന്ന പദ്ധതിയുടെ നിർമ്മാണപ്രവൃത്തി ഉദ്‌ഘാടനം ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായിരിക്കും. ഫെബ്രുവരി 24 വെള്ളിയാഴ്ച, രാവിലെ 11 മണിക്ക് അവിട്ടത്തൂർ സെന്ററിലാണ് ഉദ്ഘാടനം.

കേരളത്തിന്റെ ജലസമൃദ്ധിക്ക് വേണ്ടി നിലകൊള്ളുന്ന എൽഡിഎഫ് സർക്കാരിന്റെ മുൻകൈയിൽ ഇരിങ്ങാലക്കുടയ്ക്കു വേണ്ടിയൊരുങ്ങുന്ന സ്വപ്നപദ്ധതിയാണിതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 114 കോടി രൂപ ചെലവിട്ടാണ് ഇരിങ്ങാലക്കുട-മുരിയാട്-വേളൂക്കര ശുദ്ധജല പദ്ധതിയുടെ നിർമ്മാണം. ഇരിങ്ങാലക്കുട നഗരസഭയിലെയും, ഒപ്പം, മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെയും മുഴുവൻ കുടുംബങ്ങൾക്കും ആളൊന്നിന് നൂറു ലിറ്റർ വീതം കുടിവെള്ളം എത്തിക്കാനാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

കരുവന്നൂർ പുഴ സ്രോതസ്സായ പദ്ധതിയിൽ നഗരസഭയിലെ മാങ്ങാടിക്കുന്നിൽ പുതുതായി നിർമ്മിക്കുന്ന പതിനെട്ടു ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ ജലം ശുദ്ധീകരിക്കും. മുരിയാട് പന്ത്രണ്ട് ലക്ഷം ലിറ്ററും വേളൂക്കരയിൽ പത്തുലക്ഷം ലിറ്ററും സംഭരണശേഷിയുള്ള സംഭരണികളിൽ ഇത് സംഭരിച്ച് പുതുതായി സ്ഥാപിക്കുന്ന വിതരണശൃംഖല വഴി ഇരു പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കും - മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
 
ടി എൻ പ്രതാപൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, തദ്ദേശ സ്വയംഭരണ സമിതികളുടെ അധ്യക്ഷർ,  മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

date