Skip to main content

ഇരട്ടപ്പുഴ ജി എൽ പി സ്കൂളിന് സ്വന്തം ഭൂമിയും കെട്ടിടവും: കലക്ടർക്ക് നന്ദി പറയാൻ അവരെത്തി

അടച്ചുപൂട്ടൽ വക്കിലായിരുന്ന ഇരട്ടപ്പുഴ ജി എൽ പി  സ്കൂളിന് സ്വന്തം ഭൂമിയും കെട്ടിടവും എന്ന സ്വപ്നം യാഥാർഥ്യമാക്കിയ  കളക്ടർ ഹരിത വികുമാറിനെ കാണാൻ അതുല്യയും അനന്തപദ്മനാഭനും നന്ദുകൃഷ്ണയുമെത്തി. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴ ജി എൽ പി  സ്കൂളിനാണ് കളക്ടറുടെ സന്ദർഭോചിതമായ ഇടപെടലുകൊണ്ട് സ്വന്തമായ ഭൂമിയും കെട്ടിടവുമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. നന്ദിപറയാനെത്തിയ കുഞ്ഞുങ്ങൾ നൽകിയ സ്നേഹോപഹാരം കലക്ടർ സന്തോഷത്തോടെ സ്വീകരിച്ചു.

പാവപ്പെട്ട മത്സ്യതൊഴിലാളി വിഭാഗത്തിലെ കുട്ടികളാണ് 98 വർഷം പഴക്കമുള്ള വിദ്യാലയത്തിലെ ഭൂരിഭാഗം പഠിതാക്കളും. ജീർണിച്ച സ്കൂൾ കെട്ടിടത്തിൽ അറ്റകുറ്റപണി നടത്തുവാൻ ഉടമസ്ഥർ അനുവദിക്കാതിരുന്നതിനാൽ  സ്കൂളിൻ്റെ ഫിറ്റ്നസ് നഷ്ടമായി. കോവിഡാനന്തരം സ്കൂൾ തുറന്ന് പ്രവർത്തിക്കാത്ത അവസ്ഥ വന്നു. തുടർന്ന് കളക്ടറുടെ നേതൃത്വത്തിലുള്ള ചർച്ചയിൽ തൊട്ടരികലുള്ള ഉദയ വായനശാലയിൽ താൽക്കാലികമായി പ്രവർത്തിക്കുവാനും ഉചിതമായ സ്വന്തം സ്ഥലം വാങ്ങമെന്നും തീരുമാനമായി. സ്കൂൾ സന്ദർശിച്ച കളക്ടർ സ്കൂൾ നിലനിർത്തുമെന്ന ഉറപ്പ് നൽകുകയും ചെയ്തു. കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് സ്ഥലം എടുക്കുന്നതിനായി 50 ലക്ഷം കടപ്പുറം പഞ്ചായത്ത് വകയിരുത്തി. കെട്ടിടത്തിനായി എൻ കെ അക്ബർ എംഎൽഎ  99.5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

 കളക്ടറും ജനപ്രതിനധികളും ഉണർന്നു പ്രവർത്തിച്ചതിൻ്റെ ഫലമായി വിദ്യാലയത്തിന് സ്വന്തമായി കെട്ടിടവും സ്ഥലവും യഥാർത്ഥ്യമാകുന്നതിൻ്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. ആ  സന്തോഷം പങ്കുവെയ്ക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികളായ അതുല്യ, അനന്തപദ്മനാഭൻ, നന്ദു ക്യഷ്ണ എന്നിവർ കലക്ടറെ നേരിൽ കണ്ട് നന്ദി അറിയിച്ചു.

 പിടിഎ പ്രസിഡന്റ് സുനിൽ കാരയിൽ, ഹെഡ്മിസ്റ്റർ ബിനിത, സീന, ഷീബ, പിടിഎ അംഗം പ്രമീള   എന്നിവരും ഒപ്പമുണ്ടായി.

date