Skip to main content
കളമശേരി മണ്ഡലത്തിലെ ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങളുടെയും കംപ്യൂട്ടറുകളുടെയും വിതരണോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കുന്നു.

പൊതു ഇടങ്ങൾ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം : മന്ത്രി പി.രാജീവ്

 

പൊതു ഇടങ്ങൾ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഗ്രന്ഥശാലകൾക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ഗ്രന്ഥശാലകൾക്കുള്ള പുസ്തകങ്ങളും കമ്പ്യൂട്ടറുകളും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. 

 

പൊതു ഇടങ്ങൾ കുറയുന്നത് പൊതുവായ സാമൂഹിക സാംസ്കാരിക അന്തരീക്ഷത്തിൽ പല പ്രതിസന്ധികളും സൃഷ്ടിക്കും. ഇത് തടയുക എന്ന കാഴ്ചപ്പാട് മുന്നിൽ കണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ഡലത്തിലെ മുഴുവൻ ഗ്രന്ഥശാലകളെയും ഡിജിറ്റൽ ആക്കാനുള്ള പ്രവർത്തനങ്ങളുടെ തുടക്കമാണിത്. എല്ലാ ഗ്രന്ഥശാലകളിലും ഒപ്പം കോർണറുകൾ ഒരുക്കണം. വരും വർഷങ്ങളിലും കൂടുതൽ പുസ്തകങ്ങൾ നൽകും. എല്ലാ മാസവും യുവജനങ്ങളെ ആകർഷിക്കാൻ കഴിയുന്ന തരത്തിലുള്ള പുസ്തക ചർച്ചകൾ സംഘടിപ്പിക്കണം. ആരംഭിച്ചിട്ടുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. 

 

കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ മിനിഹാൾ സെമിനാർ കോംപ്ലക്സിൽ സംഘടിപ്പിച്ച പരിപാടിയിൽ കുസാറ്റ് പ്രോ വൈസ് ചാൻസലർ പി.ജി ശങ്കരൻ അധ്യക്ഷത വഹിച്ചു. ചാറ്റ് ലൈബ്രറിയിൽ ഡോ. സി. വീരാൻകുട്ടി, എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ സുരേന്ദ്രൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം അഡ്വ. കെ.എൻ മോഹനചന്ദ്രൻ, പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ രമാദേവി, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ രാജേഷ്, തൃക്കാക്കര കേസരി സ്മാരക സൗഹൃദയ ഗ്രന്ഥശാല പ്രസിഡന്റ് ഡോ. എ. വിജയകുമാർ, പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ടി.വി ഷൈവിൻ തുടങ്ങിയവർ പങ്കെടുത്തു.

 

കളമശേരി മണ്ഡലത്തിലെ 24 ഗ്രന്ഥശാലകളിലേക്കായി നാല് ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ഇതോടൊപ്പം പത്ത് ഗ്രന്ഥശാലകൾക്ക് കെൽട്രോണുമായി സഹകരിച്ച് കമ്പ്യൂട്ടറും പ്രിന്ററും നൽകി. ഉദ്ഘാടന ചടങ്ങിന് ശേഷം പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു.

date