Skip to main content

കുസാറ്റ് ചുറ്റുമതിൽ നിർമ്മാണം;   സമാന്തര പാതകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കണം: മന്ത്രി പി. രാജീവ്

 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ചുറ്റുമതിൽ നിർമ്മാണവുമായി  ബന്ധപ്പെട്ട് സമാന്തരപാതകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ചുറ്റുമതിൽ നിർമാണം സംബന്ധിച്ച് ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന
യോഗത്തിൽ ജനങ്ങളുടെ യാത്രാസൗകര്യം  പരിഗണിച്ച് നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ക്യാമ്പസ് സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ചുറ്റുമതിൽ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ പയ്യമ്പിള്ളി  ജംഗ്ഷനിലെ സെക്യൂരിറ്റി ഗേറ്റിൽ ഗതാഗതം ബാരിക്കേടുകൾ ഉപയോഗിച്ച് നിയന്ത്രിക്കും. ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ എന്നിവ ക്യാമ്പസിനകത്ത് കൂടി നിയന്ത്രണവിധേയമായി കടത്തിവിടും. ക്യാമ്പസിന് അകത്ത് കൂടി ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. 

ഇതിന് പരിഹാരമായി സമാന്തരപാതകളിലൂടെ എല്ലാത്തരം വാഹനങ്ങൾക്കും ഗതാഗതം സാധ്യമാകും.

യൂണിവേഴ്സിറ്റിയുടെ കിഴക്കുഭാഗത്ത് നിന്നും സൗത്ത് കളമശേരിയിലേക്ക് പോകുന്ന വാഹനങ്ങൾ കേസരി വായനശാല ജംഗ്ഷനിൽ നിന്നും മണ്ണോപ്പിള്ളി വഴി പയ്യപ്പള്ളി ജംഗ്ഷനിൽ എത്തി കളമശേരിയിലേക്ക് പോകണമെന്നും യോഗത്തിൽ തീരുമാനിച്ചു.

സമാന്തര പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട്  സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കു ന്നതിന്  മൂന്നംഗ സംഘത്തെ യോഗത്തിൽ ചുമതലപ്പെടുത്തി. 

ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ്, കുസാറ്റ് സർവകലാശാല രജിസ്ട്രാർ ഡോ. വി. മീര, കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, കളമശേരി നഗരസഭ കൗൺസിലർ ജമാൽ മണക്കാടൻ, പൊതുമരാമത്ത് വകുപ്പ് എൻജിനീയർ കെ. എം. ജോയ്, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date