Skip to main content

ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

2022 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോർഡു പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുഭോക്താക്കളും 2023 ഏപ്രിൽ ഒന്നു മുതൽ  ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം.

ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, വൃദ്ധ ജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയാത്തവർ വിവരം അക്ഷയ കേന്ദ്രങ്ങളിൽ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി പ്രസ്തുത ഗുഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും. ആധാർ ഇല്ലാതെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട 85 വയസു കഴിഞ്ഞവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, സ്ഥിരമായി രോഗശയ്യയിലുള്ളവർ, ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോർഡ് ഗുഭോക്താക്കൾ, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ എന്നിവർ ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകളിൽ/ ക്ഷേമനിധി ബോർഡുകളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണം. 2024 മുതൽ എല്ലാ വർഷവും ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28/ 29 നകം തൊട്ടു മുൻപുള്ള വർഷം ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയവർക്കു മാത്രമേ തുടർന്നും പെൻഷൻ ലഭിക്കുകയൂള്ളൂ.

നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും ഒന്നു മുതൽ 20 വരെ മസ്റ്ററിംഗ് നടത്താം. എന്നാൽ അവർക്ക് മസ്റ്ററിംഗിന് അനുവദിച്ച കാലയളവുവരെയുള്ള പെൻഷൻ ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കുന്നതും തുടർന്ന് മസ്റ്ററിംഗ് നടത്തിയ മാസം മുതൽക്കുള്ള പെൻഷൻ മാത്രമേ ലഭിക്കുകയുമുള്ളൂ. മസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹതിയുണ്ടായിരിക്കുന്നതല്ല. മസ്റ്റർ ചെയ്തവർക്ക് മാത്രമേ മസ്റ്ററിംഗിനുള്ള നിശ്ചിത കാലാവധിക്കു ശേഷം പെൻഷൻ വിതരണം നടത്തുകയുള്ളൂ. യഥാസമയം മസ്റ്റർ ചെയ്യാത്തതിനാൽ കുടിശ്ശികയാകുന്ന പെൻഷൻ തുക കുടിശ്ശികയ്ക്കായി പണം അനുവദിക്കുമ്പോൾ മാത്രമേ വിതരണം ചെയ്യുകയുള്ളൂ.

അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യുന്നതിനായി 50 രൂപയും ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിന് ഫീസായി നൽകണം.

പി.എൻ.എക്‌സ്. 1509/2023

date