Skip to main content

അഞ്ചാം ദിനവും മേളയുടെ ശ്രദ്ധാകേന്ദ്രമായി കൃഷി വകുപ്പ്

 

 

പൊക്കാളി പാടവും ഗാക് ഫ്രൂട്ടും നേരിൽകണ്ട് അത്ഭുതത്തോടെ കാഴ്ചക്കാർ

 

 

ഗാക് ഫ്രൂട്ട്, ബറാബ തുടങ്ങിയ ഫലങ്ങൾ ആദ്യമായാണ് നേരിൽ കാണുന്നത്. "ദൃശ്യമാധ്യമങ്ങളിൽ ഇത്തരം ഫ്രൂട്സ് കാണുമ്പോൾ പലപ്പോഴും കൊതി തോന്നിയിട്ടുണ്ട്. ഇതൊക്കെ നമ്മുടെ നാട്ടിലും കിട്ടുമോ എന്ന് സംശയവും. എൻ്റെ കേരളം പ്രദർശന മേളയിൽ ഈ ഫലങ്ങളും പൊക്കാളി പാടവും കണ്ടപ്പോൾ അത്ഭുതമാണ് തോന്നി"യതെന്ന് തേവര മെറിറ്റേജ് മെറിലാൻഡിൽ ഷജീന പറയുന്നു. 

 

ഷജീനയെ മാത്രമല്ല മേളയിൽ എത്തുന്ന എല്ലാവരെയും കാർഷികവകുപ്പിന്റെ സ്റ്റാളുകൾ പരമ്പരാഗത കാർഷിക കാലഘട്ടത്തിലേക്കാണ് കൊണ്ടുപോകുന്നത്. വ്യത്യസ്തതയാർന്ന ദൃശ്യാവിഷ്കാരം കൊണ്ട് അഞ്ചാം ദിനവും മേളയുടെ ശ്രദ്ധാ കേന്ദ്രമാവുകയാണ് കൃഷിവകുപ്പ്.

 

കേരളത്തിൻ്റെ മണ്ണിൽ എന്തും വിളയിക്കാം എന്ന് പുതിയ തലമുറയെ അറിയിച്ചുകൊണ്ട് ഗാക് ഫ്രൂട്ട്, ബറാബ, ഗിനിയ ഗോൾഡ് പപ്പായ, വൈൻ ലെമൺ, അബിയു, മിറാക്കിൾ ഫ്രൂട്ട്, വിവിധതരം മാങ്ങ തുടങ്ങിയ വിവിധതരം കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് കൃഷിവകുപ്പിന്റെ സ്റ്റാൾ. ഗാക് ഫ്രൂട്ട് വിത്തിൻ്റെ വിപണനവും സ്റ്റാളിലുണ്ട്.

 

സിംഗപ്പൂർ ചക്ക, വിയറ്റ്നാം സൂപ്പർ ഏർളി, തേങ്ങാച്ചക്ക, തേൻവരിക്ക, ബെർലിയാർ വരിക്ക, മുട്ടം വരിക്ക, ഡാങ് സൂര്യ തുടങ്ങി വിവിധയിനം ചക്കയിനങ്ങളും വേളയിൽ കാണാം. വാഴക്കുളം പൈനാപ്പിൾ പ്രോത്സാഹിപ്പിക്കുന്നതിനായി പൈനാപ്പിൾ കൊണ്ട് നിർമ്മിച്ച കൂടാരവും വിളക്കും മേളയുടെ മറ്റൊരാകർഷണമാണ്. 

 

പൊക്കാളി കൃഷി രീതികൾ പരിചയപ്പെടുത്തുന്ന പൊക്കാളിപ്പാട ശേഖരം കാണാനും കാഴ്ചക്കാർ ഏറെയാണ്. പച്ചപ്പട്ടാർന്ന പാടശേഖരത്തിന്റെ മാതൃകയോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന വഞ്ചിയിൽ പങ്കായവും തുഴഞ്ഞ് ഓലക്കുടയും ചൂടി ഫോട്ടോ എടുക്കുന്നതിനും ആളുകൾ എത്തുന്നുണ്ട്.

 

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, ആലുവ സീഡ് ഫാം, നേര്യമംഗലം കൃഷി ഫാം, നെട്ടൂർ ഫാം എന്നിവയുടെ ഉത്പന്നങ്ങൾ കൊണ്ടാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. ആലുവ സീഡ് ഫാമിൽ ഉത്പാദിപ്പിക്കുന്ന രക്തശാലി അരി ഉൾപ്പെടെ വിവിധയിനം നെൽ വിത്തിനങ്ങൾ, തവിടോടുകൂടിയ അവൽ, പുട്ടുപൊടി, കൂൺ എന്നിങ്ങനെ വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഇവിടെ കാണാം. പൊക്കാളി അരിയുടെ വിൽപ്പനയും ഒരുക്കിയിട്ടുണ്ട്. 

 

കേരളത്തിൻ്റെ കാർഷിക രീതിയും കൃഷിയുടെ മാഹാത്മ്യം മനസ്സിലാക്കിയാണ് കൃഷിവകുപ്പിന്റെ സ്റ്റാളിൽ നിന്നും ഓരോ കാഴ്ചക്കാരനും മടങ്ങുന്നത്.

date