Skip to main content

ശാസ്ത്രസാങ്കേതിക അഭിരുചി പ്രോത്സാഹിപ്പിക്കാൻ പ്രദർശനവുമായി വിദ്യാഭ്യാസ വകുപ്പ്

 

 

വിദ്യാർത്ഥികളുടെ ശാസ്ത്ര സാങ്കേതിക കഴിവുകൾ പ്രദർശിപ്പിക്കാൻ വേദിയൊരുക്കിയിരിക്കുകയാണ്

എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ പൊതു വിദ്യാഭ്യാസ വകുപ്പ്. മേളയിൽ വിദ്യാഭ്യാസ വകുപ്പിന്റെ പവിലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്ന കുട്ടികൾ നിർമ്മിച്ചിരിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും മാതൃകകളും ഇതിനോടകം ജനശ്രദ്ധ ആകർഷിച്ച് കഴിഞ്ഞു.

 

വിവര സാങ്കേതിക വിദ്യ അതിവേഗം വികാസം പ്രാപിക്കുന്ന ഇക്കാലത്ത് സാങ്കേതിക മേഖലയിൽ വളരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ടിങ്കറിംഗ് ലാബുകളിൽ നിർമിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും വിവിധ സർക്കാർ പദ്ധതികളുടെ മാതൃകകളുമാണ് പവിലിയനിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. 

 

കുട്ടമശേരി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഉപകരണങ്ങളാണ് ഇതിൽ അധികവും. സെൻസർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ, കേന്ദ്ര സഹായത്തോടെ ചെടികൾക്ക് വെള്ളം നനയ്ക്കുന്നതിനുള്ള സംവിധാനം, സോളാർ ലെൻസുകൾ തുടങ്ങി നിരവധി കണ്ടുപിടിത്തങ്ങളാണ് കൊച്ചു കൂട്ടുകാരുടേതായുളത്. കുട്ടമശേരി സ്കൂളിലെ 8, 9 ക്ലാസുകളിലെ വിദ്യാർഥികളുടേതാണ് കണ്ടുപിടിത്തങ്ങൾ. ടിങ്കറിംഗ് ലാബിലെ ത്രീ.ഡി പ്രിന്ററും പ്രദർശനനഗരിയിൽ എത്തിച്ചിട്ടുണ്ട്.

 

ശാസ്ത്ര ഉപകരണങ്ങൾക്ക് പുറമേ വർണ്ണ കൂടാരം പദ്ധതി, സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതി എന്നിവയുടെ വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ മാതൃകകളും വിവിധ കരകൗശല വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്.

date