Skip to main content

എന്റെ കേരളം വേദിയിൽ കലാസന്ധ്യ ഒരുക്കി സിവിൽ സ്റ്റേഷൻ ജീവനക്കാർ

 

 

എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ കലാ സന്ധ്യയുമായി ഒരു കൂട്ടം സർക്കാർ ജീവനക്കാർ. കാക്കനാട് സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ് ഗാനാലാപനവുമായി വേദിയിലെത്തിയത്. 

 

ലാന്റ് അക്വസിഷൻ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി.ബി സുനി ലാലിന്റെ നേതൃത്വത്തിലായിരുന്നു ജീവനക്കാരുടെ ഗാനമേള നടന്നത്. സിവിൽ സ്റ്റേഷനിലും നാട്ടിലുമുള്ള വിവിധ പരിപാടികളിൽ പാട്ടു പാടിയിട്ടുണ്ടെങ്കിലും ഇതുപോലെ പ്രൗഡമായ വേദിയിൽ എല്ലാവരും ആദ്യമായിട്ടായിരുന്നു പാട്ടുപാടുന്നത്. എന്നാൽ വിവിധ ഭാഷകളിലെ പഴയതും പുതിയതുമായ ഗാനങ്ങൾ യാതൊരു സങ്കോചവുമില്ലാതെ തനിമ ചോരാതെ ആലപിക്കാൻ കഴിഞ്ഞത് ആസ്വാദകർക്ക് മികച്ച അനുഭവമായിരുന്നു കാഴ്ച വെച്ചത്. 

 

റവന്യൂ വിഭാഗത്തിലെ അഞ്ച് ജീവനക്കാരും ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ മൂന്ന് പേരും പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഒരാളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. തഹസിൽദാർമാരായ കെ. രാധാകൃഷ്ണൻ, എ.എസ് മീനാകുമാരി, വില്ലേജ് ഓഫീസർ സി.കെ സുനിൽ, ക്ലാർക്ക് കാവ്യ എസ്. മേനോൻ എന്നിവരായിരുന്നു ഗായക സംഘത്തിലെ റവന്യൂ വകുപ്പുകാർ. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരൻ സി.ജി രാജപ്പൻ, താലൂക് സപ്ലൈ ഓഫീസർ മുരളീധരൻ , സപ്ലൈ ഓഫീസ് ജീവനക്കാരായ മനോജ്, സൂരജ് എന്നിവരായിരുന്നു മറ്റുള്ള സർക്കാർ ജീവനക്കാർ. ഇവർക്ക് പുറമേ ബിബിൻ ബേസിൽ, സിബി സുബ്രഹ്മണ്യൻ, കാവ്യ ബിജേഷ് എന്നിവരും ഗാനങ്ങൾ ആലപിച്ചു.

date