Skip to main content

സമഗ്ര ആരോഗ്യത്തിന് പ്രാധാന്യം നൽകി ഭാരതീയ ചികിത്സാ വകുപ്പിൻ്റെ സ്റ്റാൾ

 

നിങ്ങൾ ഒരു കായികതാരമാണോ? നിങ്ങളുടെ ആരോഗ്യത്തിനായി സംസ്ഥാന സർക്കാർ ഭാരതീയ ചികിത്സ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടോ? ഇല്ലെങ്കിൽ സ്പോർട്സ് ആയുർവേദ എന്ന പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം എൻ്റെ കേരളം മെഗാ പ്രദർശന മേളയിൽ ഭാരതീയ ചികിത്സ വകുപ്പിന്റെ സ്റ്റാളിൽ. 

മർമ്മ ചികിത്സ, പഞ്ചകർമ്മ ചികിത്സ, അഗ്നി കർമ്മം, രക്ത മോക്ഷം, ഫിസിയോതെറാപ്പി തുടങ്ങിയ  സേവനങ്ങളാണ് സ്പോർട്സ് ആയുർവേദ വഴി  ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കുന്നത്. ഈ പദ്ധതികളെക്കുറിച്ചും ഇവിടെ നിന്ന് ലഭിക്കുന്ന മറ്റു സേവനങ്ങളെക്കുറിച്ചും വ്യക്തമായ വിവരണമാണ് സ്റ്റാളിലെത്തുന്നവർക്ക് ലഭിക്കുന്നത്.

ഭാരതീയ ചികിത്സ വകുപ്പ് മുഖേന നടപ്പിലാക്കുന്ന മറ്റു വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരണങ്ങളും, ഏതെല്ലാം മേഖലയിൽപ്പെട്ടവർക്കാണ് അതിൻ്റെ ആനുകൂല്യം ലഭിക്കുന്നതെന്നും, ജില്ലയിൽ ഏതെല്ലാം ആശുപത്രികളിൽ ഈ സേവനം ലഭിക്കുമെന്നും, സ്ഥാപനത്തിൻ്റെ നമ്പർ ഉൾപ്പെടെയാണ് ആവശ്യക്കാർക്ക് വിവരിച്ചു നൽകുന്നത്.

'എല്ലാദിനവും എല്ലാ വീട്ടിലും ആയുർവേദം' എന്ന മുദ്രാവാക്യവുമായി സമഗ്ര ആരോഗ്യത്തിന് ആയുർവേദത്തിന്റെ കരുതൽ നൽകി ആയുർവേദ സ്പെഷ്യാലിറ്റി ചികിത്സകളായ കായ ചികിത്സ, കൗമാര ഭൃത്യം, ശല്യ തന്ത്രം, പ്രസൂതി തന്ത്രം, ശാലാക്യ തന്ത്രം, അഗത തന്ത്രം, രസായന ചികിത്സ, വാജീകരണം തുടങ്ങിയ ചികിത്സകളെ സംബന്ധിച്ച വിവരണവും നൽകുന്നുണ്ട്.

മാതൃ -ശിശു, കൗമാര, വയോജന ആരോഗ്യപരിപാലനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന സ്വാസ്ഥ്യ  പദ്ധതിയെക്കുറിച്ചുള്ള പോസ്റ്ററുകൾ നൽകുന്നതിനോടൊപ്പം ഇവയെക്കുറിച്ച് വിശദമായ ബോധവത്ക്കരണവും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നൽകി വരുന്നുണ്ട്. കൂടാതെ വിവിധ ആയുർവേദ പച്ചമരുന്നുകളുടെ പ്രദർശനവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.

date