Skip to main content

ഡ്രോണ്‍ പറത്തി ഉയരങ്ങളിലേക്ക് ടെക്‌നിക്കല്‍ എഡ്യൂക്കേഷൻ ഡിപ്പാര്‍ട്ട്‌മെന്റ് 

 

യൂട്യൂബ് വീഡിയോകളുടെ സ്വാധീനത്തിൽ ഡ്രോൺ നിര്‍മ്മിച്ച് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ താരമായി പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി. ടെക്‌നിക്കല്‍ എഡ്യൂക്കേഷൻ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്റ്റാളിലാണ്, കോതമംഗലം ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജിലെ രണ്ടാംവര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയായ എം. കാര്‍ത്തിക് നിര്‍മ്മിച്ച ഡ്രോണുകള്‍ സന്ദർശകർക്ക് കൗതുകമായി മാറിയത്. 

സിനിമാ മേഖലയില്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന മൂന്ന് എഫ്പിവി ഡ്രോണുകളും മനുഷ്യന് കടന്നുചെല്ലാന്‍പറ്റാത്ത സാഹചര്യത്തില്‍ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഒരു സര്‍വൈലന്‍സ് റോവറുമാണ് വിദ്യാര്‍ത്ഥിയുടെ പണിപ്പുരയില്‍ യാഥാര്‍ത്ഥ്യമായത്. പ്രോപ്പല്ലറിന് അഞ്ച് ഇഞ്ച് വ്യാസമുള്ള ഔട്ട്ഡോർ ഷൂട്ടിംഗിന് ഉപയോഗിക്കുന്ന രണ്ട് ഡ്രോണുകളും 3.5 വ്യാസമുള്ള ഇൻഡോർ ഷൂട്ടിംഗിൻ്റെ ഒരു ഡ്രോണും ഈ വിദ്യാർത്ഥിയുടെ കൈവശമുണ്ട്. സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് നൂറ് കിലോമീറ്റർ വേഗതയിൽ വരെ പറക്കാനാകും. 

രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ സുരക്ഷ മുന്‍നിര്‍ത്തി ഇന്ന് ഡ്രോണുകളുടെ ഉപയോഗം സജീവമാണ്. ലോകരാജ്യങ്ങൾ അതിര്‍ത്തി നിരീക്ഷണത്തിനായി ഡ്രോണുകളെ ഉപയോഗിക്കുന്നുണ്ട്. കാർഷിക മേഖലകളിലും ഫോറസ്റ്റ് ഡിപ്പാർട്മെന്റും ഡ്രോണുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

കൊവിഡ് മഹാമാരി പടർന്നു പിടിച്ച കാലത്ത് നാട് നിശ്ചലമായപ്പോൾ നിരീക്ഷണത്തിനായി പോലീസ് ഡ്രോണുകളെ ആശ്രയിച്ചിരുന്നു. വളരെ കുറഞ്ഞ സമയത്തിൽ വലിയ മാസ്സ് ജനസംഖ്യ നിരീക്ഷിക്കാനാകുന്നതാണ് ഡ്രോണുകളുടെ പ്രത്യേകത. ഭാവിയിലേക്കുള്ള ഡ്രോണുകളുടെ അനന്തമായ ഉപയോഗം മുന്‍നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ ഡ്രോൺ നിർമ്മാണ മേഖലയിലേക്ക് കടന്നു വരുമ്പോൾ സംസ്ഥാന ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് വിദ്യാർത്ഥികൾക്ക്‌ നല്ല പ്രോത്സാഹനമാണ് നൽകുന്നത്.

date