Skip to main content

ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് സാമൂഹ്യനീതി വകുപ്പിന്റെ 'അതിജീവനം' 

 

സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർന്നുവരാൻ ആഗ്രഹിക്കുന്ന ഭിന്നശേഷി വിഭാഗത്തെ ചേർത്തുപിടിച്ച് സാമൂഹ്യനീതി വകുപ്പ്. മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിലാണ് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് തൊഴിലും വരുമാനവും നൽകുന്ന സംരംഭങ്ങളിലെ വിവിധ ഉത്പന്നങ്ങൾ സന്ദർശകർക്കായി പരിചയപ്പെടുത്തുന്നത്. 

പല തൊഴിൽ മേഖലകളിലും തഴയപ്പെടുന്ന ഇവരെ സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ അതിജീവനത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയർത്തുകയാണ് ഉദയംപേരൂരിലെ ആദർശ് സെന്റർ ഫോർ എംപവർമെന്റിലെ (എയിസ്) ഉദ്യോഗസ്ഥർ. 293 ഭിന്നശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന എയിസിൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റെ കീഴിൽ 153 കുട്ടികളും സാമൂഹ്യനീതി വകുപ്പിന്റെ അതിജീവനം പദ്ധതിയിൽ ഉൾപ്പെടുന്നത് 140 വിദ്യാർത്ഥികളുമാണ്. ഇതിൽ 41 പേരാണ് പദ്ധതിയിലൂടെ  ജോലി ചെയ്ത് സ്വയം സമ്പാദിക്കുന്നത്. 

സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ എയിസ് ആരംഭിച്ച ചെറുകിട സംരംഭങ്ങളിലെ ഉത്പന്നങ്ങൾക്ക് മാർക്കറ്റിൽ ഇന്ന് വൻ ഡിമാന്റാണ്. കുക്കീസ്, കേക്ക്, ബ്രെഡ്‌, ബൺ, ചപ്പാത്തി, കപ്പ്‌ കേക്ക് തുടങ്ങി ഒട്ടനവധി ബേക്കറി ഉത്പന്നങ്ങൾ ആദർശ് സെന്റർ ഫോർ എംപവർമെന്റിന്റെ നേതൃത്വത്തിൽ വിപണി കീഴടക്കുന്നുണ്ട്. പ്രിസർവേറ്റീവ്സ് ചേർക്കാത്ത ഉത്പന്നങ്ങളാണ് ഇവർ വിപണിയിൽ എത്തിക്കുന്നത്. എയിസിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി കൊച്ചിയിലെ ആശുപത്രികളിൽ നിന്നും മറ്റ്‌ സ്ഥാപനങ്ങളിൽ നിന്നും വലിയ ഓർഡറുകളാണ് ഇവർക്ക് ലഭിക്കുന്നത്. 

18 വയസിനു മുകളിലുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചാണ് എയിസ് തൊഴിൽ നൽകുന്നത്.  ജോലിക്ക് അനുസൃതമായി വരുമാനം നൽകി കേരളത്തിലെ ഭിന്നശേഷി വിഭാഗത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനാണ് സാമൂഹ്യ നീതി വകുപ്പ് ലക്ഷ്യമിടുന്നത്.

date