Skip to main content
ബോധി പദ്ധതിയുടെ അവലോകന യോഗം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

ബോധി പദ്ധതിക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണ: മന്ത്രി ഡോ.ആർ. ബിന്ദു

ബോധി പദ്ധതി വാർഷിക അവലോകന യോഗം ചേർന്നു

ഡിമെൻഷ്യ ബാധിതരുടെ സാമൂഹ്യവും  ആരോഗ്യപരവുമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള ബോധി പദ്ധതിക്ക് സർക്കാരിന്റെ എല്ലാ പിന്തുണയും നൽകുമെന്ന് സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ബോധി പദ്ധതിയുടെ വാർഷിക അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  ബോധി പദ്ധതി മുൻപോട്ടു വയ്ക്കുന്ന ആശയം സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.
സാമൂഹ്യ നീതി വകുപ്പും ജില്ലാ ഭരണകൂടവും  കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോ സയൻസിന്റെ മസ്തിഷ്ക ഗവേഷണവിഭാഗമായ പ്രജ്ഞയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 

എറണാകുളം ജില്ലയെ  ഇന്ത്യയിലെ ആദ്യത്തെ ഡിമെൻഷ്യ സൗഹൃദ ജില്ലയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലാ കളക്ടറും  ബോധി പദ്ധതിയുടെ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി ചെയർമാനുമായ എൻ. എസ്. കെ. ഉമേഷ്  പദ്ധതിയുടെ പുരോഗതി വിവരിച്ചു. കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ  അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എം. അഞ്ജന  പദ്ധതിയുടെ പുരോഗതി വിലയിരുത്തി. 

ഡിമെൻഷ്യ ആദ്യഘട്ടത്തിൽ തന്നെ നിർണ്ണയിക്കുന്നതിനായി സ്ക്രീനിങ് സെന്ററുകൾ, തെറാപ്പി, ഡേകെയർ, കൗൺസലിംഗ് സേവനങ്ങൾ എന്നിവ ഒരുക്കും. കുടുംബശ്രീ, ആശാവർക്കർമാർ എന്നിവരുടെ സഹായത്തോടെ ബോധവത്കരണ പരിപാടികൾ നടത്താനും പരിശീലനം നൽകാനും യോഗത്തിൽ തീരുമാനിച്ചു.

 പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ പദ്ധതി വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കും. സംസ്ഥാനവ്യാപകമായി ബോധി വിജയകരമായി നടപ്പിലാക്കുന്നതിന്  സാമൂഹ്യനീതി, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളെ ഉൾക്കൊള്ളിച്ച്  യോഗം ചേരും. അടുത്ത വർഷത്തോടെ  ഡിമെൻഷ്യ സൗഹൃദനയം സർക്കാർ തലത്തിൽ നടപ്പിലാക്കായുള്ള കരട് രേഖ കുസാറ്റ് ഗവേഷകരുടെ നേത‍ൃത്വത്തിൽ സമർപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

ഡിമെൻഷ്യ ബാധിതരായ ആളുകളുടെ  നിർണ്ണയം, ചികിത്സ, പുനരധിവാസം, ശാക്തീകരണം എന്നീ പ്രവർത്തങ്ങളുടെ ആദ്യഘട്ടം  ജില്ലയിൽ വിജയകരമായി നടപ്പിലാക്കി.  ബോധിയുടെ രണ്ടാംഘട്ടം ജില്ലയിൽ തുടരുന്നതിനും , സംസ്ഥാനമൊട്ടാകെ പ്രവർത്തങ്ങൾ വ്യാപിപ്പിക്കുന്നതിനും വേണ്ടിയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുമാണ് യോഗം ചേർന്നത്. ബോധിയുടെ ഒന്നാംഘട്ടത്തിലെ പദ്ധതികളുടെ പുരോഗതികൾവിലയിരുത്തിയ  ഉന്നതതല യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ, ഹെൽത്ത് സർവീസസ് ഡയറക്ടറുടെ ഓഫീസ്, സാമൂഹ്യ സുരക്ഷാ വകുപ്പ്, ജില്ലാഭരണകൂടം പ്രതിനിധികൾ, കുസാറ്റ് സെന്റർ ഫോർ ന്യൂറോ സയൻസിലെ ഗവേഷകരുടെ സംഘം എന്നിവർ പങ്കെടുത്തു.

date