Skip to main content

തയ്യൽ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തു

 

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നടത്തി. തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 4736 ക്ഷേമനിധി അംഗങ്ങൾക്കുള്ള 5.12 കോടി രൂപയുടെ ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ പ്രധാന പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. കശുവണ്ടി, ബീഡി, ഈറ്റപ്പന, തയ്യൽ തുടങ്ങിയ പരമ്പരാഗത മേഖലയിൽ തൊഴിൽ ചെയ്യുന്ന എല്ലാ തൊഴിലാളികളുടെയും  ക്ഷേമം ഉറപ്പാക്കും.

ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങളെല്ലാം ഇ-ഓഫീസ് മുഖാന്തിരമാണ് നടത്തിവരുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ക്ഷേമനിധി അംഗങ്ങൾക്ക് നേരിട്ട് ഓഫീസിൽ ഹാജരാകേണ്ടതില്ല. ഇതിനായി ബോർഡിന്റെ വെബ്‌സൈറ്റിൽ കംപ്ലൈയിന്റ് പോർട്ടൽ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.  ഓൺലൈൻ വഴി വളരെ സുതാര്യമായാണ് ആനുകൂല്യ വിതരണം നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു  മുഖ്യാതിഥിയായി പങ്കെടുത്തു. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ ജി. രാജമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ഇ.ജി മോഹനൻ, സുന്ദരൻ കുന്നത്തുള്ളി, ഡി. അരവിന്ദാക്ഷൻ, കെ.എസ് സനൽകുമാർ, നെടുവത്തൂർ സുന്ദരേശൻ, എൻ.സി ബാബു, കെ.എൻ ദേവരാജൻ, കെ.കെ ഹരിക്കുട്ടൻ, സതി കുമാർ, അജിത കുമാരി, ബിന്ദു സി., ചന്ദ്ര എൻ.കെ, ബീനാമോൾ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 1712/2023

date