Skip to main content

റാബിയയ്ക്കും ഷൈജയ്ക്കും സംരംഭക വഴിയൊരുക്കി കൊടകര ബ്ലോക്ക്

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2022-2023 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വനിതാ ഗ്രൂപ്പ് സംരംഭം ആരംഭിച്ചു. മറ്റത്തൂർ കോടാലിയിൽ ശില്പി ടോപ്സ് വേൾഡ് ആൻഡ് ടൈലറിങ് ആണ് സ്വയംതൊഴിൽ വനിതാ ഗ്രൂപ്പ് സംരംഭമായി ആരംഭിച്ചിരിക്കുന്നത്. കോടാലി സ്വദേശിനികളായ റാബിയ, ഷൈജ എന്നിവർക്കാണ് ബ്ലോക്ക് പഞ്ചായത്തിന്റെ സബ്സിഡിയോടുകൂടി സംരംഭം ആരംഭിക്കാൻ കഴിഞ്ഞത്. ഏറ്റവും കുറഞ്ഞത് രണ്ടു പേർ ചേർന്നാണെങ്കിലും സ്വയംതൊഴിൽ സംരംഭത്തിന് സബ്സിഡി നൽകാമെന്ന തീരുമാനത്തെ തുടർന്നാണ് റാബിയയ്ക്കും ഷൈജക്കും അവസരം ഒരുങ്ങിയത്. രണ്ട് ലക്ഷം രൂപയാണ് സബ്സിഡി തുകയായി ലഭിച്ചത്. സബ്സിഡിക്ക് അർഹരായ മൂന്നു ഗ്രൂപ്പുകളിൽ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ട ശില്പി ടോപ്സ് വേൾഡിൻ്റെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആർ രഞ്ജിത്ത് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീലാ മനോഹരൻ അധ്യക്ഷയായി. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബി മുഖ്യാതിഥിയായി. ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസർ പ്രസന്ന പി വി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. റെഡിമെയ്ഡ് വസ്ത്രങ്ങൾ, ടൈലറിംഗ് യൂണിറ്റ്, തയ്യൽ പരിശീലനം എന്നിവയാണ് ശില്പി ടോപ്സ് വേൾഡിൽ ആരംഭിച്ചിരിക്കുന്നത്.

date