Skip to main content
ആനന്ദപുരം മുള്ളൻ കായൽ പരിസരം - ഫൈബർ വള്ളവും വലയും വിതരണം - മന്ത്രി ആർ ബിന്ദു നിർവഹിച്ചു

മത്സ്യബന്ധന മേഖലയ്ക്ക് കൈത്താങ്ങ്

ആനന്ദപുരം മുള്ളൻ കായലിനെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തും: ഡോ.ആർ ബിന്ദു.

ചെറുകിട മത്സ്യബന്ധന തൊഴിലാളികൾക്ക് വിഷു കൈനീട്ടവുമായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മുരിയാട് ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും മത്സ്യബന്ധന വലയും വള്ളവും വിതരണോദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആനന്ദപുരം മുള്ളൻ കായലിനെ ടൂറിസം പദ്ധതിയിൽ ഉടൻ ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൃഷി നടത്തണം എന്നും മന്ത്രി നിർദ്ദേശിച്ചു. മുരിയാട് റോഡ് വികസനം എംഎൽഎ ഫണ്ടും സംസ്ഥാനത്തിന്റെ മറ്റു വിഹിതവും ഉപയോഗിച്ച് നടപ്പിലാക്കും.

പച്ചക്കുട പദ്ധതിയുടെയും ഗ്രീൻ മുരിയാട് പദ്ധതിയുടെയും ഭാഗമായി മുരിയാട് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 .70  ലക്ഷം രൂപ ചെലവഴിച്ചാണ് വള്ളവും വലയും വിതരണം ചെയ്തത്. അഞ്ച് ഫൈബർ വള്ളവും 28 പേർക്ക് വലയും ആണ് വിതരണം ചെയ്തത്.  

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ  ഓഫീസർ എം എം ജിബിന പദ്ധതി വിശദീകരണം ചെയ്തു. രതി ഗോപി, ലത ചന്ദ്രൻ, സുനിൽ കുമാർ എ എസ്, നിജി വത്സൻ, നിഖിത അനൂപ്, മനീഷ മനീഷ്, കെ യു വിജയൻ, നിത അർജുൻ തുടങ്ങിയവർ പങ്കെടുത്തു.

date