Skip to main content
കുന്നംകുളത്ത് നടക്കുന്ന നിലാവെട്ടം പരിപാടിയിലെ കുടുംബശ്രീ ഫുഡ് കോർട്ടിൽ അട്ടപ്പാടിയിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങൾ സോലൈ മിലൻ തയ്യാറാക്കുന്നു

നിലാവെട്ടത്തിന് രുചിയേകാൻ കുടുംബശ്രീ സ്റ്റാളുകൾ

താരമായി അട്ടപ്പാടി "സോലൈ മിലൻ "

കലാസാംസ്കാരിക മാമാങ്കത്തിന് വേദിയൊരുങ്ങിയ കുന്നംകുളത്ത് രുചിയുടെ കലവറ തീർത്ത് കുടുംബശ്രീ ഫുഡ് കോർട്ട്. ചെറുവത്തൂർ മൈതാനിയിൽ തയ്യാറാക്കിയ ഒമ്പത് സ്റ്റാളുകളിൽ  ആന്ധ്രാപ്രദേശ്, തൃശൂർ എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലെ വൈധ്യമാർന്ന വിഭവങ്ങളാണ് ഭക്ഷണ പ്രിയരെ കാത്തിരിക്കുന്നത്. അട്ടപ്പാടി വനസുന്ദരിക്ക് ശേഷം കേരളക്കര കീഴടക്കാൻ തയ്യാറായ സോലൈ മിലനാണ് വിഭവങ്ങളിലെ താരം. ധാന്യങ്ങൾ ചേർത്തുണ്ടാക്കിയ ചിക്കൻ വിഭവമാണ് സോലൈ മിലൻ. കാട്ടുനെല്ലിക്ക, തൃഫലി, കോഴിജീരകം, അയമോദകം, ചെറിയുള്ളി, മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, കാട്ടുകാന്താരി എന്നീ ചേരുവകൾ ചേർത്തുണ്ടാക്കുന്ന സോലൈ മിലൻ നിരവധി ഭക്ഷ്യമേളകളിൽ ഇതിനോടകം സ്ഥാനം പിടിച്ചുകഴിഞ്ഞു.

കല്ലിൽ ഗ്രിൽ ചെയ്ത് കൂവയിലയിൽ പൊതിഞ്ഞ് മുളങ്കുറ്റിക്കുള്ളിൽ വച്ച് പുഴുങ്ങിയെടുക്കുന്ന ഈ വിഭവത്തിന് ആവശ്യക്കാരേറെയാണ്. കോമ്പോ ആയി തിന, ചാമ, ചോളം, വരക്, അരി, ഉഴുന്ന്, തുവര തുടങ്ങി മിലറ്റുകൾ കൊണ്ട് തയ്യാറാക്കുന്ന മിലറ്റ് സ്റ്റീമ്ഡ് ബ്രഡ് കൂടി ചേർത്താണ് സോലൈ മിലൻ ലഭിക്കുക. കുടുംബശ്രീ പരിശീലന സ്ഥാപനമായ ഐഫ്രം ടീമിന്റെ റിസർച്ച് വിംഗ് ആണ് ആദിവാസി സമൂഹത്തിലെ പരമ്പരാഗത രുചിക്കൂട്ട് അട്ടപ്പാടിയിലെ കുടുംബശ്രീ വനിതകളെ പരിശീലിപ്പിച്ചത്. മില്ലെറ്റ് വിത്ത് ചിക്കൻ എന്നതിൽ നിന്നാണ് സോലൈ മിലൻ എന്ന പേര് വിഭവത്തിന് നൽകിയത്.

 ഊരുചായ, ഔഷധ കാപ്പി എന്നിവയും കോംബോയിലുണ്ട്. പോഷകസമൃദ്ധമായ മിലറ്റ് വിഭവവും ഹെർബൽ ചിക്കൻ, ഊര് ചായ, കാപ്പി എന്നിവ ചേർന്നുള്ള കോമ്പോ റേറ്റ് 200 രൂപയാണ്.

സോലൈ മിലൻ കൂടാതെ വനസുന്ദരി, കരിം ജീരകക്കോഴി, ചിക്കൻ പൊട്ടിത്തെറിച്ചത്, ചിക്കൻ ചീറിപ്പാഞ്ഞത് തുടങ്ങിയ ചിക്കൻ വൈവിധ്യവും പോത്ത് വരട്ടിയത്, താറാവ്, കാട, വിവിധ തരം ബിരിയാണികൾ, ദോശകൾ, പുട്ടുകൾ ജ്യൂസുകൾ, കടൽ വിഭവങ്ങൾ എന്നിങ്ങനെ വായിൽ വെള്ളമൂറും നാടൻ വിഭവങ്ങളും നോമ്പുതുറ വിഭവങ്ങളും കുടുംബശ്രീ ഒരുക്കിയിട്ടുണ്ട്.

date